തിയേറ്റർ തകർത്ത് ലിയോ ട്രെയിലർ

1 min read

മാസ് ഡയലോഗും ആക്ഷനും, ആവേശം അതിരുവിട്ടു, തിയേറ്റർ തകർത്ത് ലിയോ ട്രെയിലർ

ആരാധകർക്ക് വേണ്ടി വിജയ് ചിത്രം ലിയോയുടെ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നൈ രോഹിണി സിൽവർ സ്‌ക്രീൻസ് തിയേറ്ററിന് കനത്ത നാശനഷ്ടം. ആരാധകരുടെ അതിരുവിട്ട ആവേശമാണ് തിയേറ്ററിനെ നശിപ്പിച്ചതെന്നാണ് വിവരം. ആളുകൾ സീറ്റിനു മുകളിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സീറ്റുകൾ പലതും ഇളകി വീണിട്ടുണ്ട്.

വിജയ് ചിത്രങ്ങളുടെ ട്രെയിലർ റിലീസ് ചെയ്യുമ്പോൾ പ്രത്യേക ഷോകൾ സംഘടിപ്പിക്കാറുള്ള തിയേറ്ററുകളിൽ ഒന്നാണ് ചെന്നൈയിലെ രോഹിണി സിൽവർ സ്‌ക്രീൻസ്. തിയേറ്റർ ഹാളിന് പുറത്താണ് സാധാരണ പ്രദർശനം നടത്തുന്നത്. ഇത്തവണ തിയേറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചതിനെതുടർന്നാണ് തിയേറ്ററിനകത്ത് തന്നെ ട്രെയിലർ പ്രദർശിപ്പിച്ചത്.

നേരത്തെ ചെന്നൈ ജവാഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്താനിരുന്ന ലിയോയുടെ ഓഡിയോ റിലീസ് പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. പരിപാടിയിൽ തിരക്ക് വർധിക്കുമെന്നു കരുതി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.  രാഷ്ട്രീയത്തിൽ പ്രവേശിക്കാനൊരുങ്ങുന്ന വിജയ്‌ക്കെതിരെയുള്ള ഡി.എം.കെ. സർക്കാറിന്റെ നടപടിയായാണ് ആരാധകർ ഇതിനെ നോക്കിക്കണ്ടത്. എന്നാൽ സുക്ഷാപ്രശ്‌നങ്ങൾ മുൻനിർത്തി പരിപാടി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിർമ്മാതാവ് ജഗദീഷ് പളനിസാമി പറഞ്ഞത്.

പലയിടത്തും ലിയോയുടെ ട്രെയിലറിനും പ്രത്യേക പ്രദർശനവും അനുവദിച്ചിരുന്നില്ല. ആരാധകർ വൻതോതിൽ തടിച്ചുകൂടുന്നതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. ലിയോയ്ക്ക് പുലർച്ചെയുള്ള ഫാൻസ് ഷോ കാണില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഒക്‌ടോബർ 19നാണ് ചിത്രത്തിന്റെ റിലീസ്. വിജയും ലോകേഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്റർ ആണ് ആദ്യ സിനിമ. സഞ്ജയ് ദത്ത്. തൃഷ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, ബാബു ആന്റണി, മിഷ്‌കിൻ, മാത്യു തോമസ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അനിരുദ്ധിന്റെതാണ് സംഗീതം. അൻപറിവാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തയ്യാറാക്കിയിരുന്നത്.

ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള ത്രസിപ്പിക്കുന്ന പോസ്റ്ററുകളുമായി ആരാധകരെ ആവേശം കൊള്ളിക്കുകയായിരുന്നു അണിയറ പ്രവർത്തകർ. ഇനിയെന്തൊക്കെ അത്ഭുതങ്ങളായിരിക്കും ലോകേഷ് കനകരാജ് ചിത്രത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുക എന്ന ആകാംക്ഷയിലാണവർ. മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. അഞ്ചു മിനിട്ടുകൊണ്ട് ഒരു മില്യൺ ആളുകളാണ് ട്രെയിലർ കണ്ടത്.  

Related posts:

Leave a Reply

Your email address will not be published.