അടുത്തത് പിണറായി വിജയന്
1 min readഎസ്.എഫ്.ഐ.ഒ പിടിമുറുക്കുന്നു. വീണയും വിജയനും കുടുങ്ങും
എസ്.എഫ്.ഐ.ഒ പിടിമുറുക്കുന്നു. ഏത്, നമ്മുടെ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെ കല്ലെറിയാന്‍ വിട്ട എസ്.എഫ്.ഐ ഒന്നുമല്ല ഇത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണിത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് എസ്.എഫ്.ഐ.ഒ രൂപീകരിക്കുന്നത്. ഇതിലുള്ളത് ആരെക്കയാണെന്നോ. അക്കൗണ്ടന്‍സി, ഫോറന്‍സിക് ഓഡിറ്റിങ്, ബാങ്കിംഗ്, നിയമം, ഐ.ടി, കുറ്റാന്വേഷണം, കമ്പനി ലോ, കാപ്പിറ്റല്‍ മാര്‍ക്കറ്റ് ആന്‍ഡ് ടാക്സേഷന്‍ എന്നീ മേഖലകളിലെ വിദഗദ്ധരടങ്ങിയ ടീമാണിത്. രജിസ്റ്റാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചോ പൊതുജന താല്പര്യപ്രകാരമോ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശ അനുസരിച്ചോ ഇന്ത്യയിലെ കോര്‍പറേറ്റ് മേഖലകളിലെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കലാണ് ഈ ടീമിന്റെ ജോലി. അധികം കേസുകള്‍ ഒന്നും ഇവര്‍ ഏറ്റെടുക്കാറില്ല. പരമാവധി രണ്ടു ഡസന്‍ കേസുകള്‍ മാത്രമാണ് ഇവരുടെ കവശം ഉള്ളത്.
ഏതായാലും നമ്മുടെ മുഖ്യമന്ത്രി ക്യാപറ്റന് അല്ല കപ്പിത്താന് പിണറായി വിജയന് കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ സുര്യതേജസ് പിണറായി വിജയന്റെ മകള്‍ വീണാതായ്ക്കണ്ടിക്ക് എന്തൊരു ഭാഗ്യമാണ്. കേവലം ഒരു സ്കൂള്‍ അദ്ധ്യാപികയായിരുന്ന അമ്മയുടെ പെന്ഷന് ആനുകൂല്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കമ്പനിയുടെ ഉടമ ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാര്ക്കെതിരെ നടക്കുന്ന ഗുരുതര സ്വഭാവമുളള കേസ് അന്വേഷിക്കുന്ന ഏജന്‍സിയാല്‍ അന്വേഷിക്കപ്പെടാന്‍ പോകുന്നു. ഇതിലും വലിയ ഭാഗ്യമുണ്ടോ സഖാക്കളെ.
വീണാ തായ്ക്കണ്ടി ആരാണെന്ന് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കൃത്യമായി പറഞ്ഞിട്ടുണ്ട്. പി.വി എന്ന പേരിലറിയപ്പെടുന്ന അധികാരത്തിന്റെ സോപാനത്തിലിരിക്കുന്ന വ്യക്തിയുടെ സ്വാധീമുപയോഗിച്ച് കരിമണല്‍ കമ്പനി നടത്തുന്ന ശശിധരന് കര്‍ത്തയുടെ സി.എം.ആര്.എല്‍ നിന്ന് രേഖാമൂലം 1.72 കോടി രൂപ മാസപ്പടിയായ് വാങ്ങിയ കമ്പനി ഉടമ. ഇതല്ലാതെ പലരില്‍ നിന്നും അവര്‍ പണം വാങ്ങിയിട്ടുണ്ട്. ചിലത് വായ്പയായി. അല്ലാതെയും. രേഖാമൂലവും അല്ലാതെയും. വീണാ തായ്ക്കണ്ടിയുടെ ഈ കൊച്ചുകമ്പനിക്ക് മാസപ്പടി കൊടുക്കേണ്ട ഒരാവശ്യവും ശശിധരന് കര്ത്തയ്ക്കില്ല. അവര്‍ക്ക് മാസപ്പടി കൊടുത്തത് വീണയുടെ അച്ഛന് കാരണഭൂതമായ കേരള മുഖ്യമന്ത്രിയായതുകൊണ്ടാണ്. അത് കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. സഖാക്കള്‍ക്കും അറിയാം.
വീണയുടെ കമ്പനിയായ ഏക്സാലോജിക് സോല്യൂഷന്‍സും വീണയും മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചിലര്‍ കോടതിയെ സമീപിച്ചത്. അതോടെ അന്വേഷണം കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണ സംഘത്തിന് വിട്ടു. ചിലര്‍ എന്നു പറഞ്ഞാല്‍ പി.സിജോര്‍ജിന്റെ മകന് ഷോണ്‍ജോര്‍ജ്. എസ്.എഫ്.ഐ.ഒ അന്വേഷിക്കണമെന്നായിരുന്നു ഷോണിന്റെ ആവശ്യം. ഇതോടെ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുകയായിരുന്നു.
ഇനി ഇപ്പോള്‍ അന്വേഷണം മകളില്‍ നിന്ന് അച്ഛനിലേക്ക് വരുമെന്നുറപ്പാണ്. കാരണം മകളെ സഹായിക്കേണ്ട ബാദ്ധ്യത ഒരു മുതലാളിക്കുമില്ല. അത് അച്ഛന്റെ കെയര്‍ ഓഫില്‍ മാത്രം.
ഇ.ഡി. ഇ.ഡി എന്നുപറയുന്നതല്ലാതെ ഇ.ഡി ഇതുവരെ വന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ ഇ.ഡി വന്നു. അതിനേക്കള്‍ ഭീകരനായ എസ്.എഫ്.ഐ.ഒയും വന്നു.
ഇ ഡിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനൊരുങ്ങിയ നമ്മുടെ പഴയ ഷിബുസോറന്റെ മകന് ഹേമന്ത് സോറന്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഒളിച്ചുകളിച്ചു നടന്നത് കണ്ടിട്ടില്ലേ. പുലിയുടെ കൂട്ടിലേക്ക് പൂച്ചയെ ഇട്ടുകൊടുത്താല്‍ എങ്ങനെയുണ്ടാകും. ആദ്യം പൂച്ച വിറയ്ക്കും. പിന്നെ കൂട്ടിന്റെ ഓരോ മൂലയിലേക്കോടും. പിന്നെ എന്തു സംഭവിക്കും. ഒന്നും പറയേണ്ടല്ലോ. അതേ പോലെയാണ് ഹേമന്ദ് സോറന് ഒളിച്ചുകളിച്ചത്. കുറേ നാളായി നമ്മുടെ അഴിമതി വിരുദ്ധന്‍ അരവിന്ദ് കേജറിവാളും ഒളിച്ചുകളിക്കുന്നുണ്ട്. മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമൊക്കെ അവരുടെ ലിസ്റ്റില്‍ ഇനിയുമുണ്ട്.
നമ്മുടെ കാരണഭൂതന് വളരെ വിദഗദ്ധമായി രക്ഷപ്പെട്ടുവരികയായിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി അകത്തു കിടന്നിട്ടും. മുഖ്യമന്ത്രിയെ തൊടാന്‍ പറ്റിയില്ലെന്നാണ് സഖാക്കള്‍ പറഞ്ഞിരുന്നത്.
ലാവലിന്‍ ഇങ്ങെത്തി പിടിച്ചിട്ടും. കേസ് പലകുറി മാറ്റിവച്ചതുകൊണ്ട് സൂര്യതേജസ് രക്ഷപ്പെട്ടു. ഇപ്പോഴിതാ മകള്‍ക്കെതിരെയും അന്വേഷണം വരുന്നു. മകള്‍ക്കെതിരായ അന്വേഷണം എന്നുപറഞ്ഞാല്‍ പിണറായിക്കെതിരായ അന്വേഷണം തന്നെയാണ്. നമ്മുടെ ഗോയിന്ദേട്ടനും എ.കെ. ബാലനുമൊക്കെ എന്തു ന്യായീകരണം പറഞ്ഞാലും പിണറായിയുടെ കാര്യം, പിന്നെ മകളുടെ കാര്യവും, പോക്കുതന്നെ.