മോനെ ഇതൊരിക്കലും വിട്ടുകൊടുക്കരുത്

1 min read

മോഹന്‍ലാലിന്റെ അമ്മ പറഞ്ഞപ്പോള്‍ ഞാനും അമ്പരന്ന് പോയി

മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരനാണ് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി. അറുപത്തിയേഴു തിരക്കഥകഥകളാണ് അദ്ദേഹത്തിന്റെ തൂലിക രചിച്ചത്. 1980ല്‍ ചക്കരയുമ്മ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തിരക്കഥാകൃത്തായി മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടി.

സസ്‌പെന്‍സ് ത്രില്ലറുകളുടെ രാജാവെന്ന് സിനിമാപ്രേമികള്‍ വിശേഷിപ്പിക്കാറുള്ള എഴുത്തുകാരന്‍. എസ്.എന്‍ സ്വാമിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം നമ്മുടെ ഓര്‍മ്മയിലെത്തുക സിബിഐ പരമ്പരകളും ഇരുപതാം നൂറ്റാണ്ടുമാകും. യഥാര്‍ത്ഥത്തില്‍ ഒരു നോക്ക് കാണാന്‍, കണ്ടു കണ്ടറിഞ്ഞു, ഗീതം പോലുള്ള ഫാമിലി ഡ്രാമകള്‍ക്ക് തിരക്കഥ ഒരുക്കി രംഗത്ത് വന്നയാളാണ് എസ്.എന്‍ സ്വാമി.
മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറികുറിപ്പ് കേരളത്തിന് പുറമെ തമിഴ് നാട്ടിലും തരംഗം സൃഷിച്ച സിനിമയായിരുന്നു. ആ സമയത്ത് എസ്.എന്‍ സ്വാമിയുടെ തിരക്കഥയെ വാഴ്ത്തി യഥാര്‍ത്ഥ പോലീസ് മേധാവികള്‍ വരെ രംഗത്ത് വന്നിരുന്നു.

മമ്മൂട്ടിക്ക് വേണ്ടിയാണ് സ്വാമി ഏറ്റവുമധികം തിരക്കഥ എഴുതിയതെങ്കിലും മോഹന്‍ലാലിനുവേണ്ടി എഴുതിയവ മിക്കതും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. മൂന്നാംമുറ, നാടുവാഴികള്‍, ഇരുപതാം നൂറ്റാണ്ട് എന്നിവയാണ് അവയില്‍ ഭൂരിഭാഗം ആരാധകരുടെയും പ്രിയപ്പെട്ട സിനിമകള്‍. ഇപ്പോഴിതാ മൂന്നാംമുറ സിനിമയെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ചില പിന്നാമ്പുറ കഥകള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് എസ്.എന്‍ സ്വാമി ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍.

മോഹന്‍ലാലിന്റെ എക്കാലത്തെയും സ്‌റ്റൈലിഷ് കഥാപാത്രങ്ങളില്‍ ഒന്നാണ് മൂന്നാംമുറയിലെ അലി ഇമ്രാന്‍. ഇന്‍ട്രോ സീനും അതിനോട് ഇണങ്ങുന്ന ബിജിഎമ്മും ഇപ്പോഴും കാണുമ്പോള്‍ രോമാഞ്ചമാണ് ഏതൊരു മലയാളിക്കും. കേന്ദ്രമന്ത്രി അടക്കം പല വിഐപികള്‍ അടങ്ങിയ ബസ് ഹൈ ജാക്ക് ചെയ്യപ്പെടുന്നു. അവരില്‍ ബന്ദിയാക്കപ്പെട്ട ഒരാള്‍ മരണപ്പെടുന്നു.

ഈ വിവരം അറിയുന്നതിലൂടെ സമൂഹത്തില്‍ വലിയ ഭീതിയുണ്ടാവുകയും ഭരണകൂടത്തെയും പോലീസിനെയും അത് വലിയ സമ്മര്‍ദ്ദത്തില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു. സംഘനേതാവായ ചാള്‍സുമായി ഒരു ഒത്തുതീര്‍പ്പല്ലാതെ വേറെ മാര്‍ഗമില്ല എന്ന നിസ്സഹായ അവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഭരണകൂടത്തെ സഹായിക്കാന്‍ അലി ഇമ്രാന്‍ എന്ന പോലീസുകാരന്‍ എത്തുന്നതും അദ്ദേഹം പിന്നീട് ബന്ദികളെ സാഹസീകമായി രക്ഷിക്കുന്നതുമാണ് മൂന്നാംമുറയുടെ ഇതിവൃത്തം.
സിനിമയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സല്ല ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്. ‘സിനിമയുടെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതായിരുന്നില്ല. തടവിലായിരുന്നവരെ അലി ഇമ്രാന്‍ രക്ഷപ്പെടുത്തി കൊണ്ടുവരും.’

‘പക്ഷെ അതിന്റെ ക്രെഡിറ്റ് അവസാനം മറ്റ് പോലീസുകാരും ഭരണാധികാരികളും ചേര്‍ന്ന് എടുക്കും. അത് അലി ഇമ്രാന്‍ മനസിലാക്കും എന്ന തരത്തിലായിരുന്നു ക്ലൈമാക്‌സ്. പക്ഷെ സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കാത്തതിനാല്‍ മറ്റൊരു ക്ലൈമാക്‌സ് അതായത് ഇപ്പോള്‍ കാണുന്ന ക്ലൈമാക്‌സ് ചിത്രീകരിക്കേണ്ടി വരികയായിരുന്നു. റിലീസിന് മുമ്പ് മൂന്നാംമുറയുടെ പ്രിവ്യു ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ അമ്മ അടക്കം വന്നിരുന്നു.’
‘അവര്‍ സിനിമ കണ്ട് എന്നോട് പറഞ്ഞ ഒരു കാര്യം മോനെ ഈ ക്ലൈമാക്‌സ് ഒരിക്കലും വിട്ടുകൊടുക്കരുത് എന്നാണ്. പൊതുവെ നന്നായി അങ്ങനെ എന്തെങ്കിലും ഒരു അഭിപ്രായമാണ് മോഹന്‍ലാലിന്റെ അമ്മ പറയാറുള്ളത്. പക്ഷെ ഇത് പറഞ്ഞപ്പോള്‍ ഞാനും അതിശയിച്ചു. പോലീസിനെ വളരെ മോശമായി ചിത്രീകരിക്കുന്നത് പോലെയാകുമെന്നാണ് അന്ന് ആദ്യ ക്ലൈമാക്‌സ് കണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്’.

ഇതുവരെ സംവിധാന രംഗത്തേക്ക് കടക്കാത്ത സ്വാമി ഇപ്പേള്‍ ഈ 72ാം വയസ്സില്‍ ഒരു സംവിധായകനാകുന്നു. ആദ്യ സംവിധാന സംരംഭം തിയേറ്ററുകളില്‍ എത്തിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍. ഏറ്റവും കൂടിയ പ്രായത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നയാളാണ് സ്വാമി. ഒരുപക്ഷെ ലോക സിനിമയില്‍പ്പോലും ആദ്യമായേക്കും. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് സിനിമ. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍.

Related posts:

Leave a Reply

Your email address will not be published.