മുഖ്യമന്ത്രിക്ക് ആശ്വാസം; ദുരിതാശ്വാസ നിധി കേസ് ലോകായുക്ത തള്ളി

1 min read

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുന്‍ മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്, 2018ല്‍ ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറഞ്ഞത്.

ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണെന്നും അത് വിനിയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത വിധി.

ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിനു വിടുകയായിരുന്നു. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാന്‍ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികള്‍ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് കേസ്.

വാദം കേട്ട രണ്ട് ഉപ ലോകായുക്തമാര്‍, ദുരിതാശ്വാസനിധി പരാതിയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ പരേതനായ കെകെ രാമചന്ദ്രന്‍നായരുടെ ജീവചരിത്രം പ്രകാശനം ചെയ്്തതു ചൂണ്ടിക്കാട്ടി വിധി പറയുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ് ശശികുമാര്‍ വീണ്ടും ഹര്‍ജി നല്‍കിയിരുന്നു. ഇത് ലോകായുക്ത തള്ളി.

Related posts:

Leave a Reply

Your email address will not be published.