മകനെ സ്വതന്ത്രനായി സമ്മര്‍ദത്തിലാക്കരുതെന്ന് ആരാധകരോട് ആപേക്ഷിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍
1 min readമുംബൈ: മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ മേല്‍ സമ്മര്‍ദമുണ്ടാക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രഞ്ജി ട്രോഫി അരങ്ങേറ്റത്തിലെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ സെഞ്ചുറി നേട്ടത്തിന് പിന്നാലെയാണ് സച്ചിന്റെ അഭ്യര്‍ത്ഥന.
രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ഏഴാമനായാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ക്രീസിലെത്തിയത്. ഗോവ 5 വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോഴായിരുന്നു അര്‍ജുന്റെ വരവ്. പിന്നീടങ്ങോട്ട് അര്‍ജുന്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പന്ത്രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 207 പന്തില്‍ നിന്ന് 120 റണ്‍സെടുത്ത തകര്‍പ്പന്‍ ഇന്നിംഗ്‌സ്. സെഞ്ചുറി നേട്ടത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ചതും സച്ചിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെ. ഇതിന് പിന്നാലെയാണ് ആരാധകരോട് സച്ചിന്റെ അഭ്യര്‍ഥന. ‘മകനെ സമ്മര്‍ദത്തിലാക്കരുത്. അവനെ അവനായി വിട്ടേക്കൂ’ എന്നാണ് സച്ചിന്റെ വാക്കുകള്‍.
സച്ചിന്റെ മകനാണെന്നത് മറന്നിട്ട് വേണം കളിക്കാനെന്ന് നേരത്തെ യുവരാജ് സിങ്ങിന്റെ അച്ഛന്‍ യോഗ് രാജും അര്‍ജുനെ ഉപദേശിച്ചിരുന്നു. യോഗ് രാജിനൊപ്പവും അര്‍ജുന്‍ പരിശീലനത്തിനായി എത്തിയിരുന്നു. നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കായി ഏഴ് കളികളില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയും അര്‍ജുന്‍ തിളങ്ങിയിരുന്നു.
കഴിഞ്ഞ സീസണില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്ന അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അവിടെ അവസരം ലഭിക്കാതിരുന്നതോടെയാണ് സച്ചിന്റെ ഉപദേശ പ്രകാരം ഗോവയിലേക്ക് കൂടുമാറിയത്. 2018ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അണ്ടര്‍ 19 ക്രിക്കറ്റില്‍ അരങ്ങേറിയ ഇടം കൈയന്‍ പേസറായ അര്‍ജുന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടെങ്കിലും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന ഐപിഎല്‍ സീസണിലും മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.