ശ്രീലക്ഷ്മിയെ വിടാതെ രാംഗോപാൽ വർമ്മ
1 min readരാംഗോപാൽ വർമ്മ വിവാദങ്ങളുടെ തോഴൻ
മലയാളി മോഡലായ ശ്രീലക്ഷ്മി വർമ്മയെ നിരന്തരം പിന്തുടരുകയാണ് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ. ദിവസങ്ങൾക്കുമുൻപ് ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് പങ്കുവെച്ച അദ്ദേഹം അവളെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. രാംഗോപാൽവർമ്മയുടെ ഈ ട്വീറ്റ് വലിയ വാർത്തയുമായി. സിനിമയുടെ കഥ കേട്ടതിനു ശേഷം തനിക്കു ചേരുന്ന വേഷമാണെങ്കിൽ അഭിനയിക്കുമെന്നാണ് ശ്രീലക്ഷ്മി ഇതിനു മറുപടി നൽകിയത്. ഇപ്പോൾ രാംഗോപാൽ വർമ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിറയെ ശ്രീലക്ഷ്മിയുടെ ചിത്രങ്ങളാണ്.
വഴിയിൽ വാഹനം കാത്തു നിൽക്കുന്ന ശ്രീലക്ഷ്മിയുടെ ഒരു ചിത്രം തന്റെ ചിത്രത്തോട് ചേർത്തുവച്ചുകൊണ്ടുള്ള ഒരു ട്രോളും രാംഗോപാൽവർമ്മ കഴിഞ്ഞദിവസം എക്സിലൂടെ പുറത്തു വിട്ടിരുന്നു. സാരിയിൽ ഒരു പെൺകുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട്ചെയ്ത ഫോട്ടോഷൂട്ട് ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ശ്രീലക്ഷ്മിയുടെ ഫോട്ടോകൾ പങ്കുവെച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഫോട്ടോയെടുത്ത അഘോഷ് ഡി പ്രസാദിനെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം.
ശ്രീലക്ഷ്മിയുടെ ഫോട്ടോകൾ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന രാംഗോപാൽ വർമ്മയെ വിമർശിക്കുന്നുണ്ട് പലരും. ലോക്ഡൗൺ കാലത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് അദ്ദേഹം വാർത്താതാരമായത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമായിരുന്നു. സാമ്പത്തിക ലാഭം മാത്രമാണ് രാംഗോപാൽവർമ്മയുടെ ലക്ഷ്യമെന്നും പരാതികൾ ഉയർന്നിരുന്നു. സ്ത്രീകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശരിയല്ലെന്നും വിമർശനമുയർന്നു.
ഈ വിമർശനങ്ങൾക്കു മറുപടിയായാണ് അദ്ദേഹം വ്യൂഹം എന്ന സിനിമയുമായി എത്തുന്നത്. ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് അജ്മൽ അമീറും മാനസ രാധാകൃഷ്ണനുമാണ്. വൈഎസ്ആർ രാഷ്ട്രീയം മറ്റൊരു കോണിൽ അവതരിപ്പിക്കുന്നു ഈ തെലുങ്ക് ചിത്രത്തിൽ.
വിവാദ പരാമർശങ്ങളുടെ പേരിൽ എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട് രാംഗോപാൽ വർമ്മ. രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ ട്വീറ്റീൽ അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദ്രൗപദി രാഷ്ട്രപതിയാണെങ്കിൽ ആരാണ് പാണ്ഡവർ? ആരാണ് കൗരവർ? എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പ്രശസ്ത പോൺ താരം മിയ മൽക്കോവയെ നായികയാക്കിയെടുത്ത ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് എന്ന ചിത്രത്തിനെതിരെ ചില വനിതാസംഘടനകൾ പരാതിയും നൽകിയിരുന്നു. സ്ത്രീകളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തിയെന്നും നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.