രജനീകാന്തിനെ കണ്ട ആവേശത്തിൽ താരങ്ങൾ
1 min readപോയി ഓസ്‌കർ കൊണ്ടു വാ എന്ന് ജൂഡിനോട് രജനീകാന്ത്
സ്‌റ്റൈൽമന്നൻ രജനീകാന്തിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയെ വിവരിക്കാൻ വാക്കുകളില്ല എന്നു പറഞ്ഞ രജനീകാന്ത്, പോയി ഓസ്‌കർ കൊണ്ടുവാ എന്ന് ആശംസിച്ചുവെന്നും ജൂഡ് ആന്തണി പറയുന്നു.
”എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? അത്ഭുതകരമായ പ്രവൃത്തിതന്നെ. പോയി ഓസ്‌കർ കൊണ്ട് വാ. എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളോടൊപ്പമുണ്ട്.” എന്നാണ് തലൈവർ പറഞ്ഞത്. ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യക്കും നന്ദി. ജൂഡ് ആന്തണി ഫെയ്‌സ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്. രജനീകാന്തുമായുള്ള കൂടിക്കാഴ്ചയുടെ നിരവധി ചിത്രങ്ങളും ജൂഡ് അന്തണി പങ്കുവെച്ചിട്ടുണ്ട്. രജനിയുടെ കാലിൽ നമസ്‌കരിച്ച് അനുഗ്രഹം വാങ്ങുന്നതും കെട്ടിപ്പിടിച്ചു നിൽക്കുന്നതുമായ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
തലൈവർ 170 എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തുള്ള രജനീകാന്തിനെ സന്ദർശിക്കാനെത്തിയതാണ് ജൂഡ് ആന്തണി ജൂഡ്. അദ്ദേഹത്തോടൊപ്പം 2018 സിനിമയുടെ നിർമ്മാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും എത്തിയിരുന്നു.
രജനിസാർ ചേർത്തു പിടിച്ച നിമിഷം ഞാൻ അത്ഭുതത്തെ തൊട്ടു എന്നാണ് നിർമ്മാതാവ് ആന്റോ ജോസഫ് പറയുന്നത്. ”ഈ നിമിഷത്തെ വിവരിക്കാൻ വാക്കുകൾ മതിയാവില്ല. ഒറ്റവിരൽ ചലനം കൊണ്ട് ലോകത്തെ മുഴുവൻ ചൂളം വിളിപ്പിക്കുന്ന, രസികർ മൺട്രങ്ങൾക്ക് മുഴുവൻ ആത്മാവ് ആയ മനിതൻ… അല്ല മാന്ത്രികൻ. ഒരേയൊരു രജനീകാന്ത് സർ. അദ്ദേഹം ചേർത്തുപിടിച്ച നിമിഷം ഞാൻ അത്ഭുതത്തെ തൊട്ടു. 2018 സിനിമ കണ്ടതിനുശേഷം രജനിസാർ അണിയറ പ്രവർത്തകരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സംവിധായകൻ ജൂഡും വേണു കുന്നപ്പള്ളിയും ഞാനും തിരുവനന്തപുരത്ത് രജനി സാറിനെ കണ്ടു. അദ്ദേഹം ഒരുപാട് സംസാരിച്ചു. 2018ന് പിന്നിലുണ്ടായ അധ്വാനത്തെക്കുറിച്ച് അന്വേഷിച്ചു. ഓസ്‌കർ പ്രവേശനനേട്ടത്തിൽ അഭിനന്ദനം അറിയിച്ചു. സിനിമയെന്ന തന്റെ എക്കാലത്തെയും വലിയ പ്രണയത്തെക്കുറിച്ച് വാചാലനായി. ഞങ്ങൾ അവിടെ കണ്ടത് രജനികാന്ത് എന്ന അതിമാനുഷനായ താരത്തെയല്ല, തീർത്തും സാധാരണക്കാരനായ ഒരാളെയാണ്. ആ നല്ല മുഹൂർത്തങ്ങൾക്ക് രജനിസാറിനും ദൈവത്തിനും നന്ദി” ആന്റോ ജോസഫ് പറഞ്ഞു.
തമിഴിലെ മെഗാസ്റ്റാർ രജനീകാന്തിനെ ആദ്യമായി കണ്ടതിന്റെ ആവേശത്തിലാണ് നടൻ ജയസൂര്യയും. ലിയോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പ്രിയമുടൻ നൻപൻ വിജയ് ഫാൻസ് അസോസിയേഷൻ നടത്തുന്ന ചാരിറ്റി പരിപാടിയിൽ മുഖ്യാതിഥിയായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ജയസൂര്യ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരത്ത് താൻ താമസിക്കുന്ന ഹോട്ടലിൽ തന്നെ രജനി ഉണ്ടെന്ന വിവരം ജയസൂര്യ അറിയുന്നത്. കാന്താര എന്ന ചിത്രത്തിന്റെ സംവിധായകൻ റിഷബ് ഷെട്ടി വഴി സൗന്ദര്യ രജനീകാന്തുമായി ജയസൂര്യ സംസാരിച്ചതിനെത്തുടർന്നാണ് രജനീകാന്തിനെ നേരിൽ കാണാൻ സാധിച്ചത്. രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജയസൂര്യ ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ”ഓർമ്മവെച്ച കാലം മുതൽ കാത്തിരുന്ന നിമിഷമാണിത്. ഇന്ന് ഞാൻ ഒരു ഐക്കണിനെ കണ്ടുമുട്ടി. ഒരു സൂപ്പർ സ്റ്റാർ. എന്നാൽ എല്ലാറ്റിനുമുപരിയായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എാറ്റവും മനോഹരമായ മനുഷ്യരിൽ ഒരാളെയാണ് ഞാൻ കണ്ടുമുട്ടിയത്. ഈ സ്വപ്‌നം യാഥാർഥ്യമാക്കിയതിന് എന്റെ പ്രിയ സഹോദരൻ റിഷഭ് ഷെട്ടിക്കും സർവശക്തനും നന്ദി”.
ജയ്ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് രജനി തിരുവനന്തപുരത്തെത്തിയത്. രജനീകാന്തിന്റെ ഒരു സിനിമ നിരുവനന്തപുരത്ത് വെച്ച് ചിത്രീകരിക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. രജനിയുടെ 170-ാമത് സിനിമയായതുകൊണ്ട് തലൈവർ 170 എന്നാണ് താത്കാലികമായി നൽകിയിരിക്കുന്ന പേര്. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം. രജനി പോകുന്ന വഴികളിൽ അദ്ദേഹത്തെ ഒരു നോക്കു കാണുന്നതിനായി തടിച്ചുകൂടുകയാണ് ആരാധകർ. തലൈവാ… എന്ന വിളിച്ച് തൊഴുകൈകളുമായാണ് പലരും അദ്ദേഹത്തെ നോക്കിക്കണ്ടത്. മൊബൈലിൽ ചിത്രങ്ങൾ പകർത്താനും തിരക്കായിരുന്നു. തുറന്ന കാറിൽ കൂപ്പുകൈകളോടെ ആരാധകരെ അഭിവാദ്യം ചെയ്താണ് രജനി മുന്നോട്ടു നീങ്ങിയത്.
സോഷ്യൽ മെസേജുള്ള ഒരു ബ്രഹ്മാണ്ഡചിത്രമായിരിക്കും തലൈവർ 170 എന്നാണ് ചെന്നൈ വിമാനത്താവളത്തിൽവെച്ച് രജനി മാധ്യമങ്ങളോട് പറഞ്ഞത്. രജനിയോടൊപ്പം അമിതാഭ് ബച്ചൻ കൂടി അഭിനയിക്കുന്നു എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റിതിക സിങ്, ദുഷാരവിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്.