പുതിയ പരിശീലകനെ തേടി രാജസ്ഥാന്‍ റോയല്‍സ്
1 min readസഞ്ജുവിന്റെ തീരുമാനം നിര്‍ണായകം!
അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായി പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ രണ്ട് സീസണിലും ടീം ഡയറക്ടറായ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയാണ് രാജസ്ഥാനില്‍ പരിശീലകന്റെ ചുമതല കൂടി വഹിച്ചത്. ഈ സാഹചര്യത്തിലാണ് അടുത്ത സീസണ് മുന്നോടിയായി മുഴുവന്‍ സമയ മുഖ്യ പരിശീലകനെ നിയമിക്കാന്‍ രാജസ്ഥാന്‍ ഒരുങ്ങുന്നത്.
പുതിയ പരിശീലകനെത്തുന്നതോടെ സംഗക്കാര മുഴവന്‍ സമയ ഡയറക്ടറുടെ ചുമതലയിലേക്ക് മാറും. പുതിയ പരിശീലകനെ നിയമിക്കുമ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ നിര്‍ദേശവും നിര്‍ണായകമായേക്കും. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ പരിശീലകനായിരുന്നു സിംബാബ്‌വെ ഇതിഹാസം ആന്‍ഡി ഫ്‌ലവറാണ് രാജസ്ഥാന്റെ പരിഗണനയില്‍ ഒന്നാമതുള്ളത്. ലഖ്‌നൗ അടുത്ത സീസണിലെ പരിശീലകനായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ജസ്റ്റിന്‍ ലാംഗറെ നിയമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആന്‍ഡി ഫ്‌ലവറെ പരിശീലകനാക്കാനാണ് രാജസ്ഥാന്‍ ആലോചിക്കുന്നത്.
മറ്റ് പല പേരുകളും രാജസ്ഥാന്റെ പരിഗണനയിലുണ്ടെങ്കിലും ഐപിഎല്ലിലെയും രാജ്യാന്തര ക്രിക്കറ്റിലെയും അനുഭവസമ്പത്ത് കണക്കിലെടുത്ത് ആന്‍ഡി ഫ്‌ലവറിന് തന്നെ നറുക്ക് വീഴാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കവിഞ്ഞ സീസണില്‍ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രാജസ്ഥാന്‍ റോയല്‍സിന് പുറമെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പുതിയ പരിശീലകരെ തേടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയാണ് നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരിശീലിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. ഇതുവരെ ഐപിഎല്‍ കിരീടം നേടാനാവാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാകട്ടെ സഞ്ജയ് ബംഗാറിന്റെ പകരക്കരാനായാണ് പുതിയ പരിശീലകനെ തേടുന്നത്. മൈക് ഹെസ്സന്‍ ടീം ഡയറക്ടര്‍ സ്ഥാനത്ത് തുടരുമെന്നാണ് സൂചന.