കാമുകനെ കൊല്ലാന്‍ പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കി യുവതി

1 min read

പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

കാമുകന്റെ ശല്യം ഒഴിവാക്കാന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി കാമുകി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ യുവാവിന്റെ മൃതദേഹം കാറില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് വന്‍ ഗൂഡാലോചന പുറത്ത് വന്നത്. അങ്കിത് ചൌഹാന്‍ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ചൌഹാന്റെ കാലില്‍ പാമ്പ് കടിച്ച പാടുകള്‍ കണ്ടെത്തിയത്. പാടുകളെ തുടര്‍ന്നുണ്ടായ സംശയത്തിലാണ് പാമ്പാട്ടിയെ പിടികൂടിയത്. പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. അങ്കിതിന്റെ കാമുകിയും സഹായികളും പാമ്പാട്ടിയുമടക്കം കൊലപാതകത്തില്‍ അഞ്ച് പേരെയാണ് പൊലീസ് തിരയുന്നത്. പാമ്പാട്ടി ഒഴികെയുള്ളവര്‍ ഒളിവിലാണ്.

ഡോളി എന്നപേരില്‍ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകള്‍ അടക്കം മഹിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.

ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെക്ക് നയിച്ചത്. മറ്റ് രീതിയില്‍ കൊലപ്പെടുത്തിയാല്‍ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയത്. പാമ്പാട്ടി തന്ത്ര പരമായി അങ്കിതിന്റെ കാലില്‍ പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചുവെങ്കിലും പൊലീസുകാര്‍ക്ക് തോന്നിയ സംശയത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നതെന്നുമാണ് സംഭവത്തേക്കുറിച്ച് നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.