സിംപിളായ മനുഷ്യനാണ് രജനീകാന്ത്
1 min read
ജയിലറിൽ രജനീകാന്തിനൊപ്പമുള്ള അനുഭവം പങ്കുവെക്കുന്നു നടി മിർണ
ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ജയിലർ. സിനിമ തിയേറ്ററുകളിൽ ഉണ്ടാക്കിയ ഓളം ദിവസങ്ങൾ കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. ജയിലറുടെ വിശേഷങ്ങളാണ് എങ്ങും. ഇതിനിടയിലാണ് രജനീകാന്തിനെക്കുറിച്ച് നടി മിർണ പറഞ്ഞ അഭിപ്രായം ശ്രദ്ധ നേടുന്നത്.
പട്ടത്താരി എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മിർണ. ജയിലറിൽ രജനീകാന്തിന്റെയും രമ്യാകൃഷ്ണന്റെയും മരുമകളായാണ് മിർണ എത്തുന്നത്. ജയിലറിന്റെ സെറ്റിൽ തലൈവർക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് മിർണ.
ജൂനിയർ ആർട്ടിസ്റ്റുമാരോടുപോലും വളരെ സ്‌നേഹവും കരുതലും കാത്തുസൂക്ഷിക്കുന്ന ആളാണ് രജനീകാന്ത് എന്ന് വെളിപ്പെടുത്തുന്നു മിർണ. വളരെ സിംപിളായ മനുഷ്യനാണ് അദ്ദേഹം. ഒരുപാട് ആളുകളുള്ള ഒരു സീൻ. അതിൽ ഡയലോഗ് പറയാനായി ഒരു പുതിയ നടൻ വന്നു. കുറേ ടേക്ക് എടുത്തെങ്കിലും ഡയലോഗ് കറക്റ്റായില്ല. ഒടുവിൽ ഇയാളെ മാറ്റി മറ്റൊരാളെ വെച്ച് ഡയറക്ടർ സീൻ ഷൂട്ട് ചെയ്തു.
പുതിയൊരു സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് രജനിസാർ ഡയറക്ടറോടു ചോദിച്ചു, നേരത്തെ നമ്മൾ വേണ്ടെന്നുവെച്ച ഒരാളില്ലേ? ഈ ഷോട്ടിൽ ഞാൻ അദ്ദേഹത്തെ വിളിച്ച് സൈഡിലൊന്ന് നിർത്തട്ടേ? അയാൾ പെർഫോം ചെയ്യാതിരുന്നതുകൊണ്ടാണ് മാറ്റിയത് എന്നായി ഡയറക്ടർ. സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് വീട്ടിലൊക്കെ പറഞ്ഞിട്ടായിരിക്കും അയാൾ വന്നിട്ടുണ്ടാകുക. അയാൾ സൈഡിൽ നിൽക്കുന്നതിൽ കുഴപ്പമുണ്ടോ? രജനിസാർ ചോദിച്ചു. ഒടുവിൽ ഡയറക്ടർ സമ്മതിക്കുന്നു. രജനിസാർ അദ്ദേഹത്തെ വിളിച്ച് സൈഡിൽ നിർത്തി തോളിൽ കൈവെച്ച് സീൻ ചെയ്തു. ഇത്രമാത്രം സിംപിളാണ് രജനിസാർ എന്നാണ് മിർണ പറയുന്നത്.
തമിഴിൽ വളരെയേറെ ആരാധകരുള്ള താരമാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ ഈ സ്വഭാവംകൊണ്ടാണ് ആളുകൾ ഈ മനുഷ്യനെ ഇഷ്ടപ്പെടുന്നത്. വന്ന വഴി മറക്കാത്ത ആളാണ് രജനിസാർ എന്നൊക്കെ ആരാധകരും അഭിപ്രായപ്പെടുന്നു.
മലയാളത്തിന് ഇനി വിനായകനെ കാണാൻ കിട്ടില്ല എന്നുള്ള മിർണയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.