കോഴിക്കോട് പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാത കല്ലിടല്‍: അരീക്കോട് പ്രതിഷേധം, ഉദ്യോഗസ്ഥരെ തടഞ്ഞു

1 min read

മലപ്പുറം: കോഴിക്കോട് പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് പാതയ്ക്ക് എതിരെയും പ്രതിഷേധം. മലപ്പുറം ജില്ലയിലെ അരീക്കോടാണ് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കുള്ള കല്ലിടലിനെതിരെ പ്രതിഷേധമുണ്ടായത്. കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ഥലത്ത് പ്രതിഷേധിച്ച നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നാട്ടുകാരിയ സ്ത്രീ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് പാത നിര്‍മ്മിക്കുന്നത്. കോഴിക്കോട് നിന്ന് പാലക്കാട് വരെയുള്ള ഗ്രീന്‍ഫീല്‍ഡ് പാതയ്ക്ക് 121 കിലോമീറ്റര്‍ നീളമാണ് ഉണ്ടാവുക. ഇതില്‍ 52.96 കിലോമീറ്റര്‍ മലപ്പുറം ജില്ലയിലും 62.2 കിലോമീറ്റര്‍ റോഡ് പാലക്കാട് ജില്ലയിലുമായിരിക്കും. 6.48 കിലോമീറ്റര്‍ മാത്രമാണ് കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന റോഡിന്റെ ഭാഗം.

മലപ്പുറം ജില്ലയില്‍ എടത്തനാട്ടുകര മുതല്‍ വാഴയൂര്‍ വരെയുള്ള 304.59 ഹെക്ടര്‍ ഭൂമിയാണ് ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി ഏറ്റെടുക്കുക. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലായി 15 വില്ലേജുകളിലൂടെ പാത കടന്നുപോകും. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

ദേശീയപാതാ വികസന മാനദണ്ഡ പ്രകാരമാകും ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുക. ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിര്‍മിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും മരങ്ങള്‍ക്കും വെവ്വേറെ നഷ്ടപരിഹാരം നല്‍കും. പ്രാദേശിക വില അനുസരിച്ച് നഷ്ടപരിഹാര തുകയില്‍ മാറ്റമുണ്ടാകുമെന്നാണ് വിവരം. ദേശീയപാതാ അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് നഷ്ടപരിഹാരം നല്‍കുക.

Related posts:

Leave a Reply

Your email address will not be published.