വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തി
സ്വകാര്യ ബസ് ജീവനക്കാരുടെ
ക്രൂരത

1 min read

കണ്ണൂര്‍ : തലശ്ശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയെന്ന് പരാതി. സിഗ്മ എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാവിലെ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയത്. മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുന്‍പ് മാത്രമേ വിദ്യാര്‍ത്ഥികളെ ബസിനുള്ളില്‍ കയറാന്‍ അനുവദിക്കൂ എന്നതാണ് മിക്കയിടത്തും പാലിച്ച് പോരുന്ന ‘അലിഖിത നിയമം’. മഴയത്ത് ബസിന് മുന്നില്‍ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തലശേരിയില്‍ നിന്നുള്ള സംഭവം പുറംലോകമറിഞ്ഞത്. പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചത്. അതുവരെ അവര്‍ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.

ബാഗും ബുക്കുകളുമടക്കമായി വിദ്യാര്‍ത്ഥികള്‍ മഴ നനഞ്ഞ് നില്‍ക്കുന്ന വീഡിയോ കൃഷ്ണകുമാര്‍ എന്നയാളാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. ബസ് തലശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം മോട്ടോര്‍ വാഹന വകുപ്പ് ബസ് ഉടമയ്ക്ക് 10000 രൂപ പിഴ ഈടാക്കി. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ബസ് പോകുമ്പോള്‍ മാത്രമേ കയറാന്‍ അനുവാദമുള്ളൂ എന്നും അല്ലാത്ത പക്ഷം അവര്‍ കണ്‍സഷന് പകരം മുഴുവന്‍ തുകയും ഈടാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങളെ യാത്രക്കാരായിപ്പോലും കണക്കാക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു,. അതേസമയം വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുകയാണെന്ന് വീഡിയോ പകര്‍ത്തിയ കൃഷ്ണകുമാര്‍. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്നത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല.

Related posts:

Leave a Reply

Your email address will not be published.