47 വര്‍ഷം മുമ്പ് യുവതിയെ കാണാതായി, 21 വര്‍ഷം മുമ്പ് കണ്ടെത്തിയ മൃതദേഹം യുവതിയുടേത് എന്ന് പൊലീസ്

1 min read

1975 ല്‍ പതിനേഴാമത്തെ വയസിലാണ് പാട്രിക്ക ആഗ്‌നസ് ഗില്‍ഡവേ എന്ന പെണ്‍കുട്ടിയെ കാണാതെയാവുന്നത്. ഈ വര്‍ഷം വരെ അവള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ആരും അറിഞ്ഞില്ല. ആ തിരോധാനം ഒരു ദുരൂഹതയായി തുടരുകയായിരുന്നു. 1975 ഫെബ്രുവരി എട്ടിന് ശേഷം അവളെ ആരും കണ്ടിട്ടില്ല. എന്നാല്‍, 21 വര്‍ഷം മുമ്പ് ഒരു ഓടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ അവളുടേതായിരുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ പൊലീസ്.

ഡിഎന്‍എ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ആ മൃതദേഹം 1975 ല്‍ കാണാതായ പാട്രിക്കയുടേതാണ് എന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 2001 സപ്തംബര്‍ 27 നാണ് ഡ്രെയിനേജില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ നിന്നും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, അന്ന് അത് ഏതോ ആഫ്രിക്കന്‍അമേരിക്കന്‍ യുവതിയുടേതാണ് എന്നാണ് കരുതിയിരുന്നത്.

അത് ആരാണ് എന്നോ, അവളെ ആരാണ് കൊന്നത് എന്നോ, എന്തിനാണ് കൊന്നത് എന്നോ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്ന് ഫെയര്‍ഫാക്‌സ് കൗണ്ടി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേജര്‍ എഡ് ഒ’കരോള്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം വരെ ഈ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ആരുടേതാണ് എന്ന് കണ്ടുപിടിക്കപ്പെടാതെ കിടന്നു. എന്നാല്‍, പൊലീസ് Othram എന്ന് പേരായ ടെക്‌സാസ് കേന്ദ്രീകരിച്ചുള്ള ഡിഎന്‍എ ലാബില്‍ എത്തിയതോടെയാണ് കഥ മാറുന്നത്. അവിടെ വച്ച് നടന്ന പരിശോധനയില്‍ മൃതദേഹത്തിന് അര്‍ദ്ധ സഹോദരിയായ വെറോണിക്ക് ഡ്യൂപര്‍ലിയുമായുള്ള ബന്ധം കണ്ടെത്തുകയും ഡിറ്റക്ടീവ് ഡ്യൂപര്‍ലിയിലേക്ക് എത്തിച്ചേരുകയും ചെയ്തു.

പൊലീസ് നേരെ ഡ്യൂപര്‍ലിയെ വിളിച്ചു. ആ ആദ്യത്തെ ഫോണ്‍കോള്‍ തന്നെ തകര്‍ത്ത് കളഞ്ഞു എന്നാണ് ഡ്യൂപര്‍ലി പറഞ്ഞത്. പക്ഷേ, അവസാനം തന്റെ സഹോദരിക്ക് എന്തായിരിക്കും സംഭവിച്ചത് എന്നോര്‍ത്തുള്ള ആശങ്ക മായുകയും ആ തിരോധാനത്തിന് ഒരു ഉത്തരം കിട്ടുകയും ചെയ്തു എന്നും ഡ്യൂപര്‍ലി പറയുന്നു.

തന്റെ അനിയത്തി സ്വതന്ത്രമായി ജീവിക്കുന്ന വ്യക്തിയായിരുന്നു. ആരുടേയും നിയമത്തിന് ജീവിക്കാന്‍ അവളെ കിട്ടില്ലായിരുന്നു. എന്നാല്‍, അവള്‍ക്ക് ചുറ്റും ചില മോശം ആളുകളുണ്ടായിരുന്നു എന്നാണ് ഡ്യൂപര്‍ലി പറയുന്നത്. കാണാതായ സമയത്ത് അവളേക്കാള്‍ കുറച്ചധികം പ്രായമുള്ള ഒരാളുമായി അവള്‍ക്ക് ബന്ധമുണ്ടായിരുന്നു. തന്റെ കയ്യില്‍ തെളിവൊന്നുമില്ല. എങ്കിലും അവളെ കാണാതായതുമായി അയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധം കാണുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നും അവള്‍ പറഞ്ഞു. പൊലീസ് ഇപ്പോള്‍ അയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.

Related posts:

Leave a Reply

Your email address will not be published.