പാവപ്പെട്ടവന്റെ നെഞ്ചിലൂടെ പിണറായിയുടെ ബസ് യാത്ര
1 min readകടത്തില്‍ മുങ്ങിയ നാട്ടില്‍ ധൂര്‍ത്തായി ഇനി നവകേരള സദസ്സ്
പിണറായിയുടെ ബസ് ഉരുളും. പാവപ്പെട്ടവന്റെ നെഞ്ചിലൂടെ. മരിച്ചവന്റെ ശാപവും ജീവിച്ചിരിക്കുന്നവരുടെ രോഷവും ഏറ്റുവാങ്ങി. ജീവന്റെ അവസാന പിടയലിലും കുട്ടനാട്ടിലെ കര്‍ഷകനായ പ്രസാദ് മറ്റുളളവരോട് പറഞ്ഞത് ഞാന്‍ പരാജയപ്പെട്ടു, എന്നാല്‍ നിങ്ങളിതിന് പകരം ചോദിക്കണം, പോരാടണമെന്നാണ്. പ്രസാദിന്റെ മരണത്തിനും അധികാരികളെ ഉണര്‍ത്താനായില്ല. വീണ്ടുമൊരു കര്‍ഷകന്‍ പ്രബുദ്ധ കേരളത്തില്‍ ആത്മഹത്യ ചെയ്തു.
പാവപ്പെട്ടവരോട് കണ്ണുരുട്ടിയ പിണറായി, പ്രതികരിച്ചവരെ അടിച്ചമര്‍ത്തിയ പിണറായി, അവര്‍ക്കെതിരെ കള്ളക്കേസുകളെടുത്തു, വ്യാജവാര്‍ത്തകള്‍ ചമച്ചു. ഇപ്പോള്‍ ഭരണത്തിലേറി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങളിലേക്കിറങ്ങി ചെല്ലുന്നുവത്രെ. പണ്ടൊക്കെ പാവപ്പെട്ടവര്‍ ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്. അതുകൊണ്ട് പിണറായി കാറില്‍ നിന്നിറങ്ങി ബസ്സില്‍ കയറുമത്രെ. സാധാരണക്കാരന്റെ ബസ്സല്ല, ഒന്നൊന്നര ബസ്, ഒന്നരക്കോടിയുടെ ബസ്. പിണറായിക്കുളള കക്കൂസുമൊക്കെ ആ ബസിലൊരുക്കിയിട്ടുണ്ട്. ആഡംബര ബസാണ്. നേരത്തെ കേന്ദ്രം കുറേ ബസ് കൊടുത്തപ്പോള്‍ അത് വേണ്ട എന്നുപറഞ്ഞവരാണിവര്‍. പിണറായിയുടെ പരിവാരങ്ങള്‍ കൂടിയാവുമ്പോള്‍ മന്ത്രിമാര്‍ക്കിരിക്കാന്‍ സ്ഥലം ഉണ്ടാവുമോ എന്നറിയില്ല. പിണറായിയോട് ഏറ്റവും കൂടുതല്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന കുറച്ചു മന്ത്രിമാര്‍ക്ക് മാത്രം ഇടം കിട്ടുമായിരിക്കും. ബാക്കി മന്ത്രിമാര്‍ പിറകില്‍ കാറില്‍ വരുമായിരിക്കും. മറിയക്കുട്ടി പറഞ്ഞത് പോലെ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ പത്തമ്പത് കാറുകളുടെ അകമ്പടിയിലാണല്ലോ പിണറായി വരിക. പിണറായി ബസ്സില്‍ കയറിയാലും ഈ കാറുകളൊന്നും ഒഴിവാകില്ല. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് മാത്രം മന്ത്രിമാര്‍ ബസില്‍ വരുന്നെങ്കിലും എല്ലാവരുടെയും കാറും ഡ്രൈവറും പരിവാരങ്ങളുമൊക്കെ വേറെ കാറുകളിലുണ്ടാകും. ഒന്നരക്കോടി രൂപ ബസിന് ചെലവ് വരുമെന്നാണ് കരുതുന്നത്. ഒരു കോടി അഞ്ചുലക്ഷമാണത്രെ ഇപ്പോള്‍ പാസ്സാക്കിയത്.
പാര്‍ട്ടിനേതാക്കള്‍ അടക്കം പറയുന്നത് പിണറായിയുടെ യാത്ര കഴിഞ്ഞാല്‍ നമ്മുടെ ഗള്‍ഫ് മുതലാളി, അദ്ദേഹത്തിന്റെ പേര് പറയുന്നില്ല, കേസ് കൊടുത്താലോ എന്ന് പേടിച്ചിട്ടാണ്, ലേലത്തിനെടുത്താലോ. രണ്ടുകോടിക്കും അദ്ദേഹം ലേലത്തിനെടുക്കും. നമുക്ക് രണ്ട് രൂപ എന്നു പറയുന്നത് പോലെയാണ് അദ്ദേഹത്തിന് രണ്ട് കോടി. അപ്പോള്‍ നവകേരള സദസ്സ് നടത്തി ലക്ഷ്വറി ബസ് ഇനത്തില്‍ മാത്രം അമ്പതു ലക്ഷം ലാഭം എന്ന് പിണറായി ഭക്തര്‍ക്ക് പറയാമല്ലോ. പിണറായിയുടെ ഭാര്യയും കൊച്ചുമകനും നവകേരള സദസ്സില്‍ പങ്കെടുക്കുമോ എന്നറിയില്ല. ഔദ്യോഗിക പരിപാടിയില്‍ ഇല്ലെങ്കിലും അവരും കുടെക്കാണുമായിരിക്കും. 140 മണ്ഡലങ്ങളിലും സദസ്സുണ്ട്. 5000 പേരെയാണ് ഓരോ സ്ഥലത്തും നിരത്തുന്നത്. ഇതിനും വേണം പണം. ഇതൊക്കെ എവിടെ നിന്ന്.
എന്തിനാണ് പിണറായി വരുന്നതെന്ന് ആര്‍ക്കും അറിയില്ല. വില്ലേജ് ഓഫീസറുടെ പണി മുഖ്യമന്ത്രി ചെയ്യണോ എന്നു ഉമ്മന്‍ചാണ്ടിയെ കളിയാക്കിയവരാണിവര്‍. ഏതായാലും ഓരോ സ്ഥലത്തും മന്ത്രിസഭാ യോഗം എന്നൊക്കെ ബോര്‍ഡ് വച്ചിട്ടുണ്ടത്രെ. പരമാവധി ചെലവഴിക്കുക, കട്ടുമുടിക്കുക എന്നതാണിവരുടെ ലൈന്‍. കട്ടുമുടിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് മന്ത്രിമാരുടെ ചികിത്സാ ചെലവിന്റെ കാര്യം ഓര്‍മ്മവന്നത്. കേരളത്തിലെ പൊതു ആരോഗ്യ രംഗം ലോകത്തിലെ തന്നെ മികച്ച സംവിധാനമാണെന്നാണ് പറയുന്നത്. എന്നാല്‍ മന്ത്രിമാരും ഭാര്യമാരും സ്വകാര്യ ആഡംബര ആശുപത്രികളില്‍ ചികിത്സിച്ച് വന്‍ ബില്ലുകള്‍ എഴുതിയെടുക്കുകയാണ്. മുഖ്യമന്ത്രിക്ക് അനുവദിച്ചത് 75 ലക്ഷം രൂപയാണ്. മുമ്പ് നിയമസഭയില്‍ കയറി തല്ലുണ്ടാക്കിയ മന്ത്രി ശിവന്‍കുട്ടിയും തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. അദ്ദേഹവും ഭാര്യയും ഒക്കെ വന്‍തുകയാണ് സ്വകാര്യ ആശുപത്രി ബില്ലിനത്തില്‍ എഴുതിയെടുത്തിരിക്കുന്നത്. മുന്‍സ്പീക്കറും തദ്ദേശ ഭരണ മന്ത്രിയുമായ എം.ബി രാജേഷും സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ ചെലവിനിത്തില്‍ വലിയ തുകയാണ് എഴുതിയെടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കോടികള്‍ ആധുനിക സജജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. ഇവിടെയൊന്നും ഇവര്‍ക്ക് ചികിത്സയ്ക്ക് പോയിക്കൂടാ. നാഴികയ്ക്ക് നാല്പത് വട്ടം സ്വകാര്യ മേഖലയെ ചീത്തവിളിക്കും. എന്നിട്ട് പഞ്ച നക്ഷത്ര ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ശശിയും ആയുര്‍വേദ ചികിത്സയ്ക്കായി വലിയ തുക എഴുതിയെടുത്തിട്ടുണ്ട്. ഒരു മന്ത്രിണി 30,000 രൂപയുടെ കണ്ണട ബില്‍ എഴുതിയെടുത്തതപ്പോള്‍ പറഞ്ഞ ന്യായീകരണമൊക്കെ നമ്മള്‍ കേട്ടതല്ല.
കിട്ടുന്നതൊക്കെ പോരട്ടെ എന്നാണിവരുടെ നിലപാട്. ആരെങ്കിലും അത് ചോദ്യം ചെയ്താല്‍ ഇതിനാസ്പദമായ സര്‍ക്കാര്‍ ഉത്തരവുമായി ഇവര്‍ രംഗത്തുവരും. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഈ മന്ത്രി ചികിത്സ തേടിയില്ലെ ആ മന്ത്രി പണം തിരികെ വാങ്ങിയില്ലെ എന്നായിരിക്കും ന്യായീകരിക്കാന്‍ മാത്രം വിധിക്കപ്പെട്ട പാര്‍ട്ടി സഖാക്കളുടെയും ദേശാഭിമാനിയിലെ പേനയുന്തികളുടെയും പ്രതിരോധം.
കേന്ദ്രസര്‍ക്കാര്‍ 75 ശതമാനം തുക നേരിട്ട് സംസ്ഥാനത്തിന് കൊടുത്തിട്ടും പാവപ്പെട്ട കര്‍ഷകരെ കടക്കാരാക്കാതെ അവര്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാര്‍ സംഭരിച്ചതിന്റെ തുക അവര്‍ക്ക് എന്തോ നേരിട്ട് കൊടുത്തു കൂടെ എന്ന് ചോദിച്ചാല്‍ ഇവര്‍ക്കുത്തരമില്ല. പാവപ്പെട്ടവന് പ്രതിമാസം കൊടുക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൃത്യമായി കൊടുത്തുകൂടെ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.
ജനകീയ ഹോട്ടല്‍ എന്ന പേരില്‍ മുതലെടുപ്പ് നടത്തിയിട്ടും അതിനായി കഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് സബ്സിഡി കൊടുത്തിട്ടില്ല. കടം സഹിക്കവയ്യാതെ പലരും വേറെ വഴിക്ക് പോയി. കിട്ടാനുള്ള കുടിശിക ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും കിട്ടിയത് ആട്ട്.
കെ.എസ്.ആര്‍.ടി.സിക്കാരന് ശമ്പളമില്ല, പെന്‍ഷനില്ല, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ കുടിശിക ഇല്ല. കോടതി ചോദിച്ചപ്പോള്‍ ചായകുടിക്കാന്‍ കാശില്ലെന്ന് ചീഫ് സെക്രട്ടറി പറയും. എന്നാലും ആര്‍ഭാടത്തിന് ഒരു കുറവുമില്ല. സി.പി.എ സഖാക്കള്‍ക്കൊക്കെ മടുത്തു. എന്തിന് ഈ നാറിയ മുഖ്യനേയും പേറണം എന്നാണ് എല്ലാവരും ചോദിക്കുന്നത്. കിട്ടുന്നതൊക്കെ പോരട്ടെ എന്നു കരുതുന്നവര്‍ അല്ലാതെ ആരും കൂട്ടത്തിലില്ല. പലയിടത്തും ജനം പ്രതികരിച്ചു തുടങ്ങിയപ്പോള്‍ പണം പതുക്കെ നല്‍കി തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഈ ആര്‍ഭാടവും ധൂര്‍ത്തും നിറുത്തേണ്ടേ. ഇതൊന്നും ചോദിക്കാനാരുമില്ല എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.