പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും, യോദ്ധയുടെ രണ്ടാം ഭാഗമാണോ എന്ന് ആരാധകർ
1 min readപഴയ അശോകേട്ടൻ പുതിയ ഉണ്ണിക്കുട്ടനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. നേപ്പാൾ യാത്രയ്ക്കിടെ കണ്ടുമുട്ടിയ സന്യാസി ബാലനോടൊപ്പമുള്ള ചിത്രം ”പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പങ്കുവെച്ചത്. സുഹൃത്തായ സമീർഹംസ പകർത്തിയ ചിത്രമാണിത്. മോഹൻലാൽ നായകനായ യോദ്ധയിൽ മോഹൻലാലിന്റെ കഥാപാത്രമായിരുന്നു അശോകേട്ടൻ. ഉണ്ണിക്കുട്ടനെ അവതരിപ്പിച്ചത് സിദ്ധാർത്ഥ് ലാമയും.
ഫോട്ടോ കണ്ടതോടെ യോദ്ധയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകരുമെത്തി. മോഹൻലാലിമന്റെ കയ്യിലുള്ള മാലയിലും കണ്ണു വെച്ചിട്ടുണ്ട് ചിലർ. എമ്പുരാനിലെ കഥാപാത്രമാണോ ഇത് എന്ന സംശയവും പലരും പ്രകടിപ്പിക്കുന്നുണ്ട്. 1992ലാണ് സംഗീത് ശിവൻ യോദ്ധ സംവിധാനം ചെയ്യുന്നത്. ഇന്നും പ്രേക്ഷകർ ഇഷ്ടത്തോടെ കാണുന്ന ചിത്രങ്ങളിൽ ഒന്നാണിത്.
നേപ്പാളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ, ജഗതി, സിദ്ധാർത്ഥ് ലാമ, മധുബാല, ഉർവശി തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. എ.ആർ.റഹ്മാൻ ആദ്യമായി സംഗീതം നൽകിയ ചിത്രം കൂടിയാണ് യോദ്ധ