വില്ലനിസത്തിലും ഹാസ്യം
1 min read
വില്ലനിസത്തിലും ഹാസ്യം നിറഞ്ഞ എക്‌സ്പ്രഷന്‍സ്, വിനായകനെ പുകഴ്ത്തി ശിവരാജ്കുമാര്‍
സമീപകാലത്ത് തെന്നിന്ത്യന്‍ സിനിമാലോകം എാറെ ചര്‍ച്ച ചെയ്തത് ഒരു വില്ലനെക്കുറിച്ചാണ്…. വര്‍മ്മന്‍….. ജയിലറിലെ കൊഠൂര വില്ലന്‍…. മുത്തുവേല്‍ പാണ്ഡ്യനായി രജനീകാന്ത് നിറഞ്ഞാടിയപ്പോള്‍ അദ്ദേഹത്തോടൊപ്പം കയ്യടി നേടിയ വില്ലന്‍. മലയാളത്തിന്റെ വിനായകനാണ് ഈ വര്‍മ്മനെ പ്രശസ്തനാക്കിയത്. സൂപ്പര്‍ താരങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയനായി വിനായകന്‍. വില്ലനായി ജീവിക്കുകയായിരുന്നു വിനായകന്‍. വിനായകന്റെ അക്കാലം വരെയുള്ള വേഷപ്പകര്‍ച്ചകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒരാളായിരുന്നു വര്‍മ്മന്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വില്ലന്‍ എന്ന് വാഴ്ത്തിപ്പാടി പ്രേക്ഷകലോകം. തുടര്‍ന്ന് തമിഴില്‍ നിന്ന് നിറയെ ഓഫറുകളായി വിനായകന്. അടുത്ത അഞ്ചു വര്‍ഷം വിനായകനെ വില്ലനാക്കി തമിഴ് സിനിമയ്ക്ക് ഓടാം എന്ന് ചെയ്യാറു ബാലു പറഞ്ഞതും അതുകൊണ്ടാണ്.
ജയിലറിന്റെ ജീവന്‍ വര്‍മ്മനായിരുന്നു എന്ന് മുന്‍പ് രജനീകാന്തും പറയുകയുണ്ടായി. കഥയെ മുന്നോട്ടു കൊണ്ടുപോയത് വര്‍മ്മനാണ്. വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല എന്നുവരെ പറഞ്ഞുവെച്ചു തലൈവര്‍.
ജയിലറില്‍ കാമിയോ റോളിലെത്തി വിസ്മയിപ്പിച്ച രണ്ടു കഥാപാത്രങ്ങളുമുണ്ട്. മലയാളത്തിന്റെ മോഹന്‍ലാലും, കന്നടയുടെ ശിവരാജ്കുമാറും. മാസങ്ങള്‍ കഴിഞ്ഞിട്ടും ജയിലര്‍ ഉണ്ടാക്കിയ ഓളം അവസാനിച്ചിട്ടില്ല എന്നതാണ് സത്യം. ചിത്രവും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.
ജയിലറില്‍ തനിക്ക് ലഭിച്ച വേഷത്തെക്കുറിച്ച് ശിവരാജ്കുമാര്‍ മുന്‍പൊരിക്കല്‍ പറഞ്ഞതിങ്ങനെയാണ്….
”നരസിംഹ എന്നാണ് പലരും ഇപ്പോള്‍ എന്നെ വിളിക്കുന്നത്. വെറും 8 മിനിറ്റ് മാത്രമുള്ള ഒരു റോള്‍ ആരുടെയെങ്കിലും ജീവിതം ഇതുപോലെ മാറ്റിമറിച്ചിട്ടുണ്ടാവുമോ എന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. 80 സീനുകള്‍ കൊണ്ട് ഒരു സിനിമയെ ചുമലിലേറ്റുന്ന നായക നടനാണ് ഞാന്‍. ജയിലറില്‍ ഞാന്‍ വെറും എട്ടുമിനിറ്റുള്ള വേഷമാണ് ചെയ്തത്. ഇപ്പോള്‍ അവരെന്നെ വിക്രമിലെ റോളക്‌സിനോടാണ് താരതമ്യം ചെയ്യുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയില്ല. അത് പുതിയ അനുഭവമായിരുന്നു” ശിവരാജ്കുമാര്‍ പറഞ്ഞു’.
ഈ അവസരത്തിലാണ് വിനായകനെക്കുറിച്ച് ശിവരാജ്കുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. ജയിലറിലെ പ്രകടനത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം മലയാളത്തിലെ നടന്‍മാരെ വാനോളം പുകഴ്ത്തുന്നുമുണ്ട്. വിനായകന്‍ ജയിലറില്‍ ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചതെന്ന് പറയുന്നു ശിവരാജ്കുമാര്‍. വര്‍മ്മന്‍ എന്ന വില്ലനായി തിളങ്ങുമ്പോഴും ഹാസ്യത്തിനു പ്രാധാന്യമുള്ള നിരവധി എക്‌സ്പ്രഷന്‍ വിനായകന്‍ നല്‍കിയെന്നും അത് അതിമനോഹരമായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് അദ്ദേഹം. എല്ലാ മലയാള താരങ്ങള്‍ക്കും ഈ പ്രത്യേകതയുണ്ട്. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചുള്ള ഭാവപ്രകടനങ്ങള്‍ സ്‌ക്രീനില്‍ എത്തിക്കുന്നതില്‍ മലയാള താരങ്ങള്‍ അഗ്രഗണ്യരാണ്. ഇതാണ് വിനായകനില്‍ കണ്ടത്. ശിവരാജ്കുമാര്‍ പറയുന്നു.