വമ്പന്‍ പ്രഖ്യാപനം! മമ്മൂട്ടിയുടെ പുതിയ ചിത്രം ടര്‍ബോ
1 min read
കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം പുറത്തുവിട്ട് മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് പ്രഖ്യാപിച്ചത്. ‘ടര്‍ബോ’ എന്നാണ് ചിത്രത്തിന്റെ പേര്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന് മാനുവല്‍ തോമസ് ആണ്. മുഷ്ടിചുരിട്ടി പിടിച്ച് ഇടിക്കുന്ന ലുക്കിലുള്ള കൈ ആണ് ടൈറ്റില്‍ പോസ്റ്ററില്‍ ഉള്ളത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം ഉള്ളതാകും ടര്‍ബോ എന്നാണ് വിലയിരുത്തലുകള്‍. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടര്‍ബോ.
മലയാളത്തിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായ വൈശാലും അഞ്ചാം പാതിര എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത മിഥുനും മമ്മൂട്ടിയും ചേരുമ്പോള്‍ വമ്പര്‍ ഒരു പ്രോജക്ട് ആകും വരുന്നതെന്ന് ഉറപ്പാണ്. അതേസമയം, മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങള്‍. സിനിമയുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും.
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കമ്പനി പുതിയ അറിയിപ്പുമായി എത്തിയത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഒക്ടോബര്‍ 24 രാവിലെ 8 മണിക്ക് ഉണ്ടാകും എന്നാണ് അതില്‍ പറഞ്ഞിരുന്നത്. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ ഈ കാര്യം അറിയിച്ചത്.