ഷംസീറിന്റെ പ്രസ്താവന: വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ എന്‍എസ്എസ്

1 min read

എല്ലാവരും ഗണപതി ക്ഷേത്രത്തില്‍ വഴിപാട് കഴിക്കണമെന്ന ആഹ്വാനവുമായി എന്‍എസ്എസ്

നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് നാളെ വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് എന്‍എസ്എസ്. പ്രവര്‍ത്തകര്‍ നാളെ തൊട്ടടുത്തുള്ള ഗണപതി ക്ഷേത്രങ്ങളില്‍ എത്തി വഴിപാടുകള്‍ നടത്തി വിശ്വാസസംരക്ഷണ ദിനത്തില്‍ പങ്കാളിയാകണമെന്ന് താലൂക്ക് യൂണിറ്റ് പ്രസിഡന്റുമാര്‍ക്കയച്ച കത്തില്‍ പറയുന്നു. ആരാധാനമൂര്‍ത്തിയായ ഗണപതിയെക്കുറിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശം വേദനിപ്പിക്കുന്നു. ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ചതല്ലെന്നും പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ മാപ്പ് പറയണമെന്നും കത്തില്‍ പറയുന്നു.

ഷംസീറിന്റെ പരാമര്‍ശത്തെ നിസ്സാരവത്കരിച്ചുള്ള വിവിധ പ്രസ്താവനകളിലും എന്‍എസ്എസ് പ്രതിഷേധം രേഖപ്പെടുത്തി. വിശ്വാസ സംരക്ഷണ ദിനത്തിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാന്‍ പാടില്ലെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അയച്ച കത്തില്‍ പറയുന്നു.

താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്ക് ജി.സുകുമാരന്‍ നായര്‍ അയച്ച സര്‍ക്കുലറില്‍ പറയുന്നതിങ്ങനെ….

”നമ്മുടെ ആരാധനാമൂര്‍ത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീക്കര്‍ നടത്തിയ പരാമര്‍ശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് ‘മിത്ത്’ (കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശമാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, സ്പീക്കര്‍തന്നെ ആയാലും, ഒരുത്തര്‍ക്കും യോജിച്ചതല്ലെന്നും, പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം അതിന്മേല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

അതിനെ നിസ്സാരവല്‍ക്കരിക്കുന്ന  നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് നമുക്കുള്ളത്. വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 2ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തുകയും വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യണം. ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.”

Related posts:

Leave a Reply

Your email address will not be published.