ഗ്രാമത്തിലെത്തി ഹാന്റ് പമ്പ് കുലുക്കി നോക്കിയ പൊലീസ് ഞെട്ടി, വെള്ളമല്ല വന്നത്

1 min read

ഗ്രാമപ്രദേശങ്ങളില്‍ വെള്ളം നല്‍കുന്ന ഹാന്‍ഡ് പമ്പുകള്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭാന്‍പുര ഗ്രാമത്തില്‍ പോലീസ് കണ്ടെത്തിയ ഹാന്‍ഡ് പമ്പ് വെള്ളത്തിന് പകരം നല്‍കിയതച് മദ്യമായിരുന്നു. ഇവിടെ വന്‍ വ്യാജമദ്യ റാക്കറ്റിനെയാണ് പൊലീസ് തകര്‍ത്തത്.

തിങ്കളാഴ്ച ഗ്രാമത്തില്‍ വ്യാപകമായി നടത്തി റെയ്ഡില്‍ വന്‍ റാക്കറ്റാണ് പൊലീസ് തകര്‍ത്തത്. പരിശോധനയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലും, വയലുകളില്‍ കാലിത്തീറ്റയുടെ അടിയില്‍ ഒളിപ്പിച്ചതോ ആയ മദ്യം നിറച്ച എട്ട് ഡ്രമ്മുകള്‍ കണ്ടെടുത്തു.

‘ഭൂമിക്കടിയില്‍ ഒളിപ്പിച്ച മദ്യത്തിന്റെ ഡ്രമ്മുകള്‍ ഘടിപ്പിച്ച ഒരു ഹാന്‍ഡ് പമ്പും പൊലീസ് കണ്ടെടുത്തു. പോലീസ് ഉദ്യോഗസ്ഥര്‍ അത് പമ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, മറ്റേ അറ്റത്ത് നിന്ന് മദ്യം പുറത്തേക്ക് വരാന്‍ തുടങ്ങി’ ഗുണ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

ഫാമുകളിലെ കാലിത്തീറ്റയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച ഡ്രമ്മുകളില്‍ സൂക്ഷിച്ചിരുന്ന വന്‍തോതില്‍ നാടന്‍ മദ്യവും പോലീസ് കണ്ടെടുത്തു. അനധികൃത മദ്യവ്യാപാരം നടത്തുന്ന ആളുകള്‍ മദ്യം നിറച്ച ഡ്രമ്മുകള്‍ മറയ്ക്കാന്‍ അവ കുഴിച്ചിട്ടിരുന്നു. ഈ ഡ്രമ്മുകളില്‍ നിന്ന് മദ്യം പുറത്തെടുക്കാന്‍ ഒരു ഹാന്‍ഡ് പമ്പ് ഉപയോഗിച്ചത് എന്നാണ് കരുതുന്നത്. നിരവധി കുപ്പികളും അഞ്ച് ലിറ്റര്‍ ക്യാനുകളിലും ഈ പമ്പില്‍ നിന്നാണ് മദ്യം നിറച്ചത് എന്നാണ് എസ്.പി ശ്രീവാസ്തവ പറയുന്നത്.

രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയെങ്കിലും മദ്യവില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. ‘ സംഭവത്തില്‍ പോലീസ് എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവരെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണ്,’ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളിലും നാടന്‍ നിര്‍മ്മിത മദ്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.