ഇടുക്കിയില്‍ ആക്രമിക്കപ്പെട്ട നിലയില്‍ കുരങ്ങന്
1 min readഇടുക്കി : രാമക്കല്‍മേട്ടില്‍ ഗുരുതരമായി പരുക്കേറ്റ് വീടിനുള്ളില്‍ അഭയം പ്രാപിച്ച കുരങ്ങിനെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് കൈകാലുകള്‍ക്ക് ഗുരുതര മുറിവുമായ് രാമക്കല്‍മേട് മരുതുങ്കല്‍ വിജയന്റെ വീട്ടില്‍ കുരങ്ങിനെ കണ്ടെത്തിയത്. പീരുമേട് നിന്നുമെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റസ്പോണ്‍സ് ടീമിന്റെ സമയോചിതമായ ഇടപെടലിലാണ് കുരങ്ങിന് പുതുജീവന്‍ ലഭിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് രാമക്കല്‍മേട് മരുതുങ്കല്‍ വിജയന്റെ വീട്ടില്‍ ഒമ്പത് വയസ് പ്രായമുള്ള കുരങ്ങിനെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ വീടിനുള്ളിലെ വര്‍ക്ക് ഏരിയയില്‍ കണ്ടെത്തിയത്. പരിക്ക് ഗുരുതരമായതിനാല്‍ ദയനീയമായി കരയുന്ന കുരങ്ങിനെ കണ്ട് ആദ്യം ഭയന്നെങ്കിലും അയല്‍വാസിയായ അജി കുളത്തിങ്കലിനെ വിവരമറിയിക്കുകയായിരുന്നു.
അദ്ദേഹന്റെ നേതൃത്വത്തില്‍ കുമളി റേഞ്ച് ഓഫീസറെ ബന്ധപ്പെടുകയും ആര്‍ആര്‍ടി ടീമിനെ വിവരം ധരിപ്പിക്കുകയുമായിരുന്നു. പീരുമേട് നിന്നുള്ള സംഘം രാത്രി 11 മണിയോടെ സ്ഥലത്തെത്തുകയും അവശനിലയില്‍ ദയനീയമായി കരഞ്ഞു കൊണ്ടിരുന്ന കൂട്ടിലാക്കി. തുടര്‍ന്ന് തേക്കടി ഫോറസ്റ്റ് വിഭാഗത്തിന്റെ മൃഗ ഡോക്ടറുടെ അടുത്ത് രാത്രിയില്‍ തന്നെഎത്തിച്ച് അടിയന്തിര ചികിത്സ ഉറപ്പാക്കുകയും ചെയ്തു. കുരങ്ങിന്റെ അവസ്ഥയില്‍ പുരോഗതിയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.