സ്ത്രീധനത്തില്‍ ബാക്കിയായ 2 പവന് വേണ്ടി പീഡനം; യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

1 min read

ഇടുക്കി വളകോട്ടില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തന്‍വീട്ടില്‍ പി എസ് ജോബിഷിന്റെ ഭാര്യ എം കെ ഷീജയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. ഷീജയുടെ അമ്മ ചിന്നമ്മ, സഹോദരി സിനി, സഹോദരന്‍ ആരുണ്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് ഉപ്പുതറ പൊലീസ് രേഖപ്പെടുത്തിയത്.

പത്ത് മാസം മുമ്പായിരുന്നു ജോബിഷിന്റെയും ഷീജയുടെ വിവാഹം. ഒന്നര ലക്ഷം രൂപയും എട്ട് പവന്‍ സ്വര്‍ണവുമാണ് ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവന്‍ സ്വര്‍ണവും ജോബിഷിന് കൈമാറി. ബാക്കിയുള്ള രണ്ട് പവന്‍ സ്വര്‍ണ്ണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് ജോബിഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞതായാണ് അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് ജോബിഷിന്റെ അച്ഛന്‍ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നു.

ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തുന്ന ജോബിഷ് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് കറങ്ങി നടക്കുകയും രാത്രി തിരികെയെത്തുമ്പോള്‍ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാണെന്നും ഇവ!ര്‍ പൊലീസിനോട് പറഞ്ഞു. ഇതിനാലാണ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 34 ദിവസം കഴിഞ്ഞാണ് ജോബിഷ് തിരികെ വിളിക്കാനെത്തിയതെന്നും മൊഴിയിലുണ്ട്. കേസിന്റെ അന്വേഷണം ഇന്നലെ പീരുമേട് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published.