മെസിയുടെ തൂക്കിയടി; പുതിയ തരംഗം സൃഷ്ടിച്ച് അര്‍ജന്റൈന്‍ നായകന്‍

1 min read

ലോകകപ്പ് വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും തരംഗമായി ലിയോണല്‍ മെസി. അര്‍ജന്റൈന്‍ നായകന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുകയാണ്. കാല്‍പ്പന്തുലോകം കാല്‍ക്കീഴിലാക്കിയ ലിയോണല്‍ മെസിയുടെ ജീവിതത്തിലെ ഏറ്റവും വലിയമുഹൂര്‍ത്തമാണിത്. കാത്തുകാത്തിരുന്നുള്ള ലോകകപ്പ് വിജയം. ഫൈനലില്‍ ഫ്രാന്‍സിന്റെ ഷൂട്ടൗട്ട് പരീക്ഷണം അതിജീവിച്ചാണ് മെസി ലോക ചാമ്പ്യനായത്.

ഇതിന് ശേഷം മെസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തൊരു ചിത്രം കൊടുങ്കാറ്റായി. മണിക്കൂറുകള്‍ക്കകം 50 ദശലക്ഷത്തിലധികം ആളുകളാണ് ചിത്രം ലൈക് ചെയ്തതത്. ഈ ലൈക് കൊടുങ്കാറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് കടപുഴകിയത്. മെസിക്കൊപ്പം ചെസ് കളിക്കുന്ന ചിത്രം റൊണാള്‍ഡോ പോസ്റ്റ് ചെയ്തതായിരുന്നു ഇതുവരെ ഇന്‍സ്റ്റഗ്രാമിലെ റെക്കോര്‍ഡ്. ഇതാണിപ്പോള്‍ മെസി മണിക്കൂറുകള്‍ക്കകം മറികടന്നത്.

ലോകകപ്പില്‍ ചുംബിക്കുന്ന ചിത്രത്തിനൊപ്പം, ലോക ജേതാക്കള്‍. ഒരുപാട് തവണ ഞാനിത് സ്വപ്‌നം കണ്ടിരുന്നു, ഒരുപാട് ആഗ്രഹിച്ചിരുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും മെസി കുറിച്ചിരുന്നു. ലോക കിരീടം നേടിയ മെസിയെ കായികലോകം ഒന്നടങ്കമാണ് അഭിനന്ദിക്കുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൗനവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. മെസിയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച് റൊണാള്‍ഡോ ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം, ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പുകള്‍ തുടരുന്നതിനിടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ 500 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ആദ്യത്തെ വ്യക്തിയായി മാറിയിരുന്നു. മെസിയാണ് രണ്ടാം സ്ഥാനത്ത്.

ലോകകപ്പ് കിരീടവുമായുള്ള മറ്റൊരു ചിത്രവും ഇന്നലെ രാത്രി മെസി ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവെച്ചിരുന്നു. കാത്തിരുന്ന് കിട്ടിയ സുവര്‍ണ കിരീടം താഴെ വയ്ക്കാന്‍ പോലും മനസ് വരുന്നില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. ഇതിഹാസ താരങ്ങളെ പിന്നിലാക്കി പുതിയചരിത്രം തന്നെ അര്‍ജന്റീനയുടെ മിശിഹ രചിച്ചു. ഗോളടിച്ചും ഗോളടിപ്പിച്ചും ലോകകപ്പിന്റെ താരമായ മെസ്സിക്ക് അപൂര്‍വമായ ഒരു റെക്കോര്‍ഡ് സ്വന്തമായി. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ താരമായാണ് മെസി മാറിയത്.

Related posts:

Leave a Reply

Your email address will not be published.