പത്തനംതിട്ടയിലെ മധ്യവയസ്‌കന്റെ മരണം: സിപിഎം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ്

1 min read

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മധ്യവസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതില്‍ ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ റബ്ബര്‍ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു.

അതേസമയം ബാബു എഴുതിയത് എന്ന് കരുതുന്ന ഡയറിയില്‍ ആത്മഹത്യയ്ക്ക് ഉത്തരവാദി സിപിഎം നേതാക്കളാണ് എന്ന് ആരോപിക്കുന്നു. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.

ബാബുവിന്റെ വീടിനോട് ചേര്‍ന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കുന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനയാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ബാബു സിപിഎം അനുഭാവിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം ബാബുവിന്റേതാണോ എന്ന് പരിശോധിക്കണം എന്ന് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ബാബു ധരിച്ച ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ കുറിപ്പില്‍ തന്റെ മരണകാരണം വീടിനകത്തെ ഡയറിയില്‍ എഴുതി വച്ചതായി പറഞ്ഞിരുന്നു. തുടര്‍ന്ന് വീടിന് അകത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ഡയറി കണ്ടെത്തി. ഈഡയറിയിലാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വിശദീകരിക്കുന്നത്.

ബാബുവിന്റെ സ്ഥലമേറ്റെടുത്ത് നേരത്തെ ഇവിടെ ബസ് സ്റ്റോപ്പ് സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ബാബുവിന്റെ കൂടുതല്‍ സ്ഥലമേറ്റെടുത്ത് ശൌചാലയം അടക്കം സ്ഥാപിച്ച് ബസ് സ്റ്റോപ്പ് നവീകരിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ഇതിനോട് താന്‍ സഹകരിക്കാതെയായപ്പോള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്ന നിലയുണ്ടായെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ബാബുവിന്റെ സ്ഥലത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പി.എസ്.മോഹനന്റെ മകനായ കെട്ടിട കോണ്ര്‍ട്രാക്ടാറെ ഏല്‍പിച്ചാല്‍ ബാങ്കില്‍ നിന്നും വായ്പ തരപ്പെടുത്തി നല്‍കാം എന്ന് വാഗ്ദാനമുണ്ടായിരുന്നുവെന്നും എന്നാല്‍ മറ്റൊരാള്‍ക്ക് നിര്‍മ്മാണ കരാര്‍ ഏല്‍പ്പിച്ചതോടെ മോഹനനും റോബിനും തന്നോട് പക കൂടിയെന്നും ഡയറിയില്‍ പറയുന്നു. ഡയറിയിലെ പേജിന്റെ പകര്‍പ്പ് മാധ്യമങ്ങളെ ഏല്‍പ്പിക്കണമെന്നും കത്തിലുണ്ട്.

Related posts:

Leave a Reply

Your email address will not be published.