യൂടൂബ് വരുമാനം നിലച്ചതോടെ അനുപമയും പദ്ധതിയെ പിന്തുണച്ചു
1 min readഒറ്റയ്ക്ക് നടക്കുന്ന കുട്ടികളെ നോട്ടമിട്ടു; ഒരു വര്‍ഷമായി പ്ലാന്‍ ചെയ്ത കൃത്യം
ചാത്തന്നൂര്‍: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന് യാതൊരു ബന്ധവുമില്ലെന്ന് എ.ഡി.ജി.പി. എം. ആര്‍ അജിത് കുമാര്‍. നഴ്‌സസ് സംഘടനയുമായും കേസിന് ബന്ധമില്ലെന്നും എ.ഡി.ജി.പി. വ്യക്തമാക്കി. സാമ്പത്തികപ്രതിസന്ധിയാണ് ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്തതിലേക്ക് പദ്മകുമാറിനെയും കുടുംബത്തിനെയും എത്തിച്ചതൊന്ന് എ.ഡി.ജി.പി. പറഞ്ഞു.
അനുപമ പദ്മന്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ മാസം 3.8 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പദ്മകുമാറിന്റെ മകള്‍ അനുപമയ്ക്ക് വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ അനുപമയുടെ ചാനലിന് പണം ലഭിക്കുന്നത് നിന്നു. ചാനല്‍ വീണ്ടും മൊണെറ്റൈസ് ചെയ്യാന്‍ മൂന്ന് മാസം കഴിയുമെന്ന സാഹചര്യം വന്നു. വരുമാനം നിലച്ച സാഹചര്യത്തിലാണ് കൃത്യം നടത്തുന്നതില്‍ കൂട്ടുനിന്നത്. കഴിഞ്ഞ ഒന്നരമാസമായി അനുപമയും കൃത്യത്തിനായുള്ള ആസൂത്രണത്തില്‍ സജീവമായിരുന്നു.
കോവിഡിനു ശേഷം കുടുംബത്തിന് കടുത്ത സാമ്പത്തികപ്രതിസന്ധിയുണ്ടായതിനെ തുടര്‍ന്നാണ് പദ്മകുമാറും കുടുംബവും ഈ പദ്ധതി തയ്യാറാക്കുന്നത്.
അഞ്ചുകോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാര്‍ അവകാശപ്പെടുന്നത്. പെട്ടെന്ന് ബാധ്യത തീര്‍ക്കാന്‍ പത്തുലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. പലരേയും പണം ചോദിച്ച് സമീപിച്ചിരുന്നു. അത് ലഭിക്കാതായപ്പോഴാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. പദ്മകുമാറും കുടുംബവും ചേര്‍ന്ന് ഒരു വര്‍ഷമായി പ്ലാന്‍ ചെയ്ത കൃത്യം.
പോലീസിന്റെ നീക്കങ്ങളെയും ഏതൊക്കെ രീതിയില്‍ കേസ് തെളിയിക്കാമെന്നും മനസ്സിലാക്കി. അതെല്ലാം ഒഴിവാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയത്. ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയില്ലാത്ത പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് പോകുന്ന കുട്ടികളെയായിരുന്നു ഇവര്‍ ലക്ഷ്യം വെച്ചത്.