ക്ലാസ്‌മേറ്റ്‌സിൽ കാവ്യ അഭിനയിച്ചത് മനസ്സില്ലാ മനസ്സോടെ

1 min read

താരയാവാൻ പറ്റില്ല, റസിയയുടെ കഥാപാത്രം വേണമെന്ന് നിർബന്ധം പിടിച്ചു കാവ്യ

ക്ലാസ്‌മേറ്റ്‌സ് സിനിമയിൽ കാവ്യാമാധവൻ അഭിനയിച്ചത് മനസ്സില്ലാ മനസ്സോടെയായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. സിനിമയിൽ റസിയയ്ക്കാണ് പ്രാധാന്യമെന്നും തനിക്ക് റസിയയുടെ കഥാപാത്രം തന്നെ വേണമെന്നും കാവ്യ നിർബന്ധം പിടിച്ചു. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ലാൽജോസ് പറയുന്നത് ഇങ്ങനെയാണ്:

ക്ലാസ്‌മേറ്റ്‌സിലെ ആദ്യ രംഗം ഷൂട്ട് ചെയ്യുമ്പോൾ കാവ്യ മാത്രമില്ല. കരാർ ഒപ്പിടുമ്പോൾ കഥ റഫായി മാത്രമാണ് പറഞ്ഞിരുന്നത്. ”കഥ മുഴുവൻ പിടികിട്ടിയില്ല. പിന്നെ ലാലുചേട്ടന്റെ പടമല്ലേ, ഞാനങ്ങട് പൂവാന്നു വച്ചു” എന്ന് കാവ്യ ആരോടോ പറഞ്ഞുവെന്നും കേട്ടു. പിടികിട്ടാണ്ട് അഭിനയിക്കേണ്ട. അതുകൊണ്ട് കഥ മുഴുവൻ പറഞ്ഞുകൊടുക്കാൻ ജയിംസിനോട് ആവശ്യപ്പെട്ടു.  കഥ പറഞ്ഞു കഴിഞ്ഞ് തിരിച്ചെത്തിയ ജയിംസ് പറഞ്ഞു ”എന്തോ പന്തികേടുണ്ട്. കണ്ണിൽ നിന്നും വെള്ളം വന്ന് മാറിയിരിക്കുകയാണ് കാവ്യ.”

കഥ കേട്ടതിന്റെ ഇമോഷൻ കൊണ്ടാണെന്ന് ഞാനും പറഞ്ഞു. ഷൂട്ടിംഗിനായി എല്ലാവരും റെഡിയാണ്. പക്ഷേ കാവ്യ വരാൻ കൂട്ടാക്കിയില്ല. കാര്യമെന്താണെന്ന് അറിയാൻ ഞാൻ നേരിട്ടു ചെന്നു.

ചിത്രത്തിലെ നായിക റസിയയാണ്. അതുകൊണ്ട് റസിയയെ ഞാൻ ചെയ്യാം. താരാകുറുപ്പിനെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കണം. ഇതായിരുന്നു കാവ്യയുടെ പ്രശ്‌നം. കാവ്യയെക്കൊണ്ട് റസിയയെ അവതരിപ്പിക്കാനാവില്ല. ഇത്രയും താരമൂല്യമുള്ള കാവ്യ, റസിയയായാൽ വേഷത്തിന്റെ പ്രാധാന്യം പ്രേക്ഷകർക്ക് ബോധ്യമാകുമെന്ന് അവളെ പറഞ്ഞ് മനസ്സിലാക്കി.

ഞാൻ കാവ്യയോട് പറഞ്ഞുകൊടുത്ത ഒരു കാര്യമുണ്ട്. എല്ലാ പ്രണയകഥകളിലും കോമൺ ആയിട്ടുള്ള ഒന്നുണ്ട്. ആദ്യം രണ്ടുപേരും വഴക്കിടും. പിന്നെ പ്രണയമാകും. ഒടുവിൽ എന്തെങ്കിലും കാരണത്താൽ അത് സഫലമാകാതെ വരും. അസുഖമാകാം, സാമ്പത്തികപ്രശ്‌നമാകാം, ഒരാൾ മറ്റൊരാളെ ഇഷ്ടപ്പെട്ട് വേറെ വഴിക്ക് പോകുന്നതാകാം. ഇങ്ങനെ എന്തെങ്കിലും. പക്ഷേ ഇവിടെ താരയുടെയും റസിയയുടെയും പ്രണയത്തിന് തടസ്സമാകുന്നത് അവർ പോലുമറിയാത്ത മറ്റൊരു പ്രണയമാണ്. മുരളിയുടെയും റസിയയുടെയും പ്രണയം.

ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കിയതിനു ശേഷമാണ് കാവ്യ അഭിനയിക്കാൻ വന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കാവ്യയെ നായികയാക്കിയത് ഞാനാണ്. മീശമാധവനിലും വർക്ക് ചെയ്തു. ആ കടപ്പാടും സ്‌നേഹവും ഉള്ളതുകൊണ്ടാണ് ക്ലാസ്‌മേറ്റ്‌സിൽ അഭിനയിക്കാമെന്ന് കാവ്യ സമ്മതിച്ചത്. കാവ്യ ബുദ്ധിയുള്ള കുട്ടിയാണ് ഫൈനൽ സ്‌റ്റേജിൽ എത്തുമ്പോൾ റസിയ സ്‌കോർ ചെയ്യുമെന്ന് കാവ്യ മനസ്സിലാക്കിയിരുന്നു. അത് ഒഴിവാക്കാൻ പറ്റാത്തതാണ്. അല്ലെങ്കിൽ ഈ സിനിമ ഇല്ലല്ലോ.  ലാൽ ജോസ് പറയുന്നു.

കാമ്പസ് പ്രണയവും രാഷ്ട്രീയവും പറഞ്ഞ ക്ലാസ്‌മേറ്റ്‌സ് അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. കാമ്പസുകളിൽ വലിയൊരു ചലനം തന്നെ സൃഷ്ടിക്കാൻ ലാൽജോസിന്റെ ഈ കാമ്പസ് ചിത്രത്തിനു കഴിഞ്ഞു. കേരളമൊട്ടാകെ സ്‌കൂളുകളിലും കോളേജുകളിലും പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളും കൂട്ടായ്മകളും ഉണ്ടാവാൻ പ്രചോദനമേകിയത് ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു. പുരോഗമനപരമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാനും ഈ വിദ്യാർത്ഥി കൂട്ടായ്മകൾക്ക് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

Related posts:

Leave a Reply

Your email address will not be published.