എന്നെ സിനിമയിൽ ഔട്ടാക്കാനാണോ ശ്രമമെന്ന് രജനി കമൽഹാസനോട്

1 min read

സിനിമയ്ക്ക് പ്രതിഫലം കൂട്ടിച്ചോദിക്കാൻ രജനിയോട് ആവശ്യപ്പെട്ടത് കമൽഹാസൻ

താരങ്ങളുടെ പ്രതിഫലമാണ് സിനിമരംഗത്തെ എക്കാലത്തെയും ചർച്ചാവിഷയം. കോടികളൊക്കെ ഇപ്പോൾ വെറും അക്കങ്ങൾ മാത്രമായിരിക്കുന്നു. സിനിമാ നിർമ്മാണത്തിന്റെ വലിയൊരു പങ്കും ചെലവാകുന്നത് സൂപ്പർ താരങ്ങളുടെ പ്രതിഫലത്തിനുവേണ്ടിയാണ്.

ഈ സന്ദർഭത്തിലാണ് രജനീകാന്തിന് ആദ്യമായി ഒരു കോടി രൂപ പ്രതിഫലം ലഭിച്ച കഥ സിനിമാ ജേർണലിസ്റ്റായ ജെ.ബിസ്മി വെളിപ്പെടുത്തുന്നത്. വലൈ പേച്ച് എന്ന തമിഴ് പരിപാടിയിലായിരുന്നു ഇത്.

”ആദ്യകാലത്ത് താരങ്ങൾക്ക് വളരെ ചെറിയ പ്രതിഫലമാണ് കിട്ടിയിരുന്നത്. പണം വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ചവരുമുണ്ട്. എംജിആർ-ശിവാജി കാലത്ത് തങ്ങളെവെച്ച് പടമെടുത്ത പ്രൊഡ്യൂസർ നഷ്ടത്തിലായി എന്നറിഞ്ഞാൽ, അവരെ വിളിച്ച് വീണ്ടും ഡേറ്റ് നൽകും. ഇനിയൊരു പടമെടുക്കാൻ പണമില്ലെന്ന് പ്രൊഡ്യൂസർ പറഞ്ഞാൽ സാമ്പത്തിക സഹായവും അവർ നൽകിയിരുന്നു. ആ മര്യാദകളൊന്നും ഇല്ലാതെയാണ് ഇപ്പോൾ താരങ്ങൾ പ്രതിഫലം ഉയർത്തുന്നത്”- ബിസ്മി പറയുന്നു.  

”രജനീകാന്ത് വളർന്നു വരുന്ന കാലത്ത് തന്റെ ശമ്പളം 5000 രൂപയായി ഉയർത്താൻ മടിച്ചു മടിച്ചാണ് പ്രൊഡ്യൂസറോട് ആവശ്യപ്പെട്ടത്. എന്നാൽ ആ പ്രൊഡ്യൂസർ രജനിക്ക് ഒരു ലക്ഷം രൂപ നൽകി. ഇത്തരത്തിൽ അവർ അക്കാലത്ത് ചോദിച്ചതിനാലാണ് ഇന്നത്തെ താരങ്ങൾക്ക് കോടികൾ വാങ്ങാൻ പറ്റുന്നത്.” സിനിമാ നിരീക്ഷകനായ ആനന്ദന്റെ വെളിപ്പെടുത്തലാണിത്.

പ്രതിഫലം കൂട്ടിച്ചോദിക്കാൻ രജനീകാന്തിനെ ഉപദേശിച്ചത് കമൽഹാസനാണെന്നു പറയുന്നു ബിസ്മി.  ഒരു കോടി രൂപ പ്രതിഫലം ചോദിക്കാൻ കമൽഹാസൻ രജനീകാന്തിനോട് പറഞ്ഞു. ഇത് കേട്ട് ഞെട്ടി രജനി. എന്നെ സിനിമാ ഫീൽഡിൽ നിന്ന് പുറത്താക്കാനാണോ ശ്രമമെന്ന് അദ്ദേഹം കമൽഹാസനോട് ചോദിച്ചു. ബിസ്മി പറയുന്നു.

പ്രതിഫലം കൂടുതൽ ആവശ്യപ്പെടണമെന്ന് കമൽഹാസൻ പറയാനുള്ള കാരണമെന്താണ്? കമലഹാസൻ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
”രജനിയുടെ വിപണിമൂല്യം അദ്ദേഹത്തിനറിയില്ല.  സിനിമയുടെ കളക്ഷനെക്കുറിച്ച് നിർമ്മാതാക്കളും വിതരണക്കാരും കള്ളം പറയുകയാണ്. നിങ്ങൾ അഭിനയിച്ച സിനിമകളുടെ യഥാർത്ഥ കളക്ഷൻ എത്രയെന്ന് അവർ മറച്ചുവെക്കുന്നു. കോടികളാണ് താങ്കളുടെ സിനിമകൾക്ക് ലഭിക്കുന്ന കളക്ഷൻ”. കമൽഹാസൻ പറഞ്ഞു. ഇതിനു ശേഷമാണ് രജനി പ്രതിഫലം 1 കോടിയായി ഉയർത്തിയത് എന്ന് വ്യക്തമാക്കുകയാണ് ബിസ്മി. ഇപ്പോൾ 100 കോടിയിൽ ഏറെയാണ് രജനിയുടെ പ്രതിഫലം.

Related posts:

Leave a Reply

Your email address will not be published.