സിനിമയ്ക്കുവേണ്ടി ഡാൻസ് പഠിച്ച മോഹൻലാൽ

1 min read

രാവിലെ 4 മണിക്ക് എഴുന്നേറ്റ് ഡാൻസ് പ്രാക്ടീസ് തുടങ്ങുന്ന മോഹൻലാൽ, കൂട്ടത്തിൽ ഷൂട്ടിംഗും

കമലദളത്തിൽ നർത്തകന്റെ വേഷമായിരുന്നു മോഹൻലാലിന്റേത്. സിനിമയ്ക്കുവേണ്ടി അദ്ദേഹം ക്ലാസിക് ഡാൻസ് പഠിച്ചു. ഇക്കാര്യം വ്യക്തമാക്കുകയാണ് സംവിധായകൻ സിബി മലയിൽ. മോഹൻലാൽ ഡാൻസ് പഠിച്ചത് ഒരു ഡാൻസ് ടീച്ചറെ വെച്ചാണ്. രാവിലെ 4 മണിക്ക് എഴുന്നേറ്റ് പഠനം തുടങ്ങും. അതോടെ മറ്റുള്ളവരുടെ ഉറക്കവും അവസാനിക്കും. സിബി മലയിൽ പറയുന്നു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.

രാജശില്പി എന്ന സിനിമയ്ക്കുവേണ്ടി മോഹൻലാൽ താടി വളർത്തിയിരുന്നു. അതുകൊണ്ട് താടിവെച്ചിട്ടാണ് കമലദളത്തിലും അഭിനയിക്കുന്നത്. മോഹൻലാൽ എത്തുന്നത് ഷൂട്ടിങ്ങിന്റെ തലേദിവസം. ഷൊർണൂരിലായിരുന്നു ഷൂട്ടിങ്ങ്. സിനിമയെക്കുറിച്ചുള്ള ഡീറ്റെയിൽസ് മോഹൻലാൽ അറിയുന്നത് അപ്പോഴാണ്.

”ഇത് ക്ലാസിക്കൽ ഡാൻസ് ഒക്കെയുള്ള സിനിമയാണല്ലോ. ഞാൻ അങ്ങനെ ക്ലാസിക്കൽ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല. അത് പെർഫെക്ട് ആയിട്ട് ചെയ്യേണ്ടതല്ലേ, എങ്ങനെ ചെയ്യും” എന്നായി മോഹൻലാൽ.

അത് നമുക്ക് ചെയ്യാമെന്ന് സിബി മലയിലും ലോഹിയും. പക്ഷേ, ലാൽ വല്ലാതെ ടെൻഷനിലായി. ചെയ്യുന്ന കാര്യങ്ങളൊക്കെ വളരെ പെർഫെക്ട് ആയിരിക്കണം എന്ന് നിർബന്ധമുള്ള ആളാണ് ലാൽ. ഡാൻസ് ടീച്ചറെ കൊണ്ടു വന്ന് താമസിപ്പിച്ച് സിനിമയ്ക്ക് വേണ്ട മുദ്രകളും മറ്റും പഠിക്കാമെന്ന് സംവിധായകൻ. മോഹൻലാൽ തന്നെയാണ് പരമശിവൻ മാഷിന്റെ പേര് നിർദ്ദേശിക്കുന്നത്. ഷൂട്ടിംഗിന്റെ തുടക്കത്തിൽ ഡാൻസ് രംഗങ്ങൾ ഉണ്ടായിരുന്നില്ല. ആ സമയം കൊണ്ട് പരമശിവൻ മാഷ് ഷൊർണൂരിലെത്തി.

സിബി, ലോഹി, ലാൽ, മുരളി, നെടുമുടി വേണു തുടങ്ങി എല്ലാവരുമുണ്ട്.  എല്ലാവരും കൂടി ഒരുമിച്ച് ഒരു വീടെടുത്ത് താമസിക്കുകയാണ്. വീടിനു മുകളിൽ ടെറസാണ്. എന്നും രാവിലെ നാലു മണിക്ക് ടെറസിൽ നിന്നും വലിയ ശബ്ദം കേൾക്കാം. ആ ശബ്ദം കേട്ടിട്ടാണ് മറ്റുള്ളവർ ഉണരുന്നത്. ലാൽ രാവിലെ 4 മണിക്ക് എഴുന്നേറ്റ് ഡാൻസ് പഠിക്കുന്നതാണ്.

അങ്ങനെ ഞങ്ങളുടെ ഉറക്കവും രാവിലെ 4 മണിക്ക് തീരും എന്ന് വ്യക്തമാക്കുകയാണ് സിബി.  ലാൽ എന്നും രാവിലെ നേരത്തെ എണീറ്റ് നൃത്തം പഠിക്കാൻ തുടങ്ങി. അതിന്റെ കൂടെതന്നെ ഷൂട്ടിംഗും മുന്നോട്ടു പോയി. ഡാൻസ് രംഗം ചിത്രീകരിക്കാൻ ആയപ്പോഴേക്കും മോഹൻലാൽ ഡാൻസ് പഠിച്ചെടുത്തു എന്ന് സിബി മലയിൽ.  

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഒരു വിസ്മയമായിരുന്നു കമലദളം. ഇരട്ട നായികമാരായി പാർവതിയും മോനിഷയും അരങ്ങു തകർത്തു. ശാസ്ത്രീയ നൃത്തത്തിന്റെ പുതിയൊരു ലോകമാണ് കമലദളം തുറന്നിട്ടത്. അലസമായ വേഷഭൂഷാദികളുമായി പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ നന്ദഗോപൻ ആരാധക മനസ്സ് കീഴടക്കിയത് വളരെ പെട്ടെന്നാണ്. ഒരു നർത്തകന്റെ മെയ്വഴക്കം പ്രകടമാക്കുന്ന ഗംഭീരമായ പ്രകടനം തന്നെയാണ് മോഹൻലാൽ കാഴ്ചവെച്ചത്.

Related posts:

Leave a Reply

Your email address will not be published.