കണ്ടല തട്ടിപ്പ് പണം കിട്ടിയത് മന്ത്രിക്കും സി.പി.ഐ നേതാവിനുമെന്ന് കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം:  കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് പണം കിട്ടിയത് സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. തട്ടിപ്പിന് നേതൃത്വം നല്‍കിയ സി.പി.ഐ നേതാവ് ഭാസുരാംഗന്‍ മാത്രമല്ല ഇതിലെ പ്രതി. സി.പി.ഐയുടെ പ്രമുഖ നേതാവിനും തട്ടിപ്പ് തുകയില്‍ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  ഒരു വര്‍ഷമായി കണ്ടല തട്ടിപ്പിനെതിരെ സമരം തുടങ്ങിയിട്ട്. ബി.ജെ.പി ആറു മാസം മുമ്പ് അവിടെ സഹകരണ അദാലത്ത് നടത്തിയിരുന്നു.  ഇപ്പോള്‍ ഭാസുരാംഗനെതിരെ സി.പി.ഐ നടപടി എടുത്തത് അയാള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ മൊഴി പറഞ്ഞതുകൊണ്ടാണ്. ഇത്രകാലവും  ഭാസുരാംഗനെ വെള്ളപൂശിയവരാണ് ഇപ്പോള്‍ നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് കണ്ണില്‍ പൊടിയിടാനുളള തന്ത്രം മാത്രമാണ്.  ഇതിന് സമാനമായി കരുവന്നൂരിലും തട്ടിപ്പ് പണം സി.പി.എം ഉന്നതരുടെയും ജനപ്രതിനിധികളുടെയുമൊക്കെ കയ്യിലാണെത്തിയതെന്നും സുരേന്ദ്രന്‍
ആരോപിച്ചു.

കേരളമാകെ  സഹകരണ ബാങ്കുകളെ കൊളളയടിക്കുകയാണ് സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസുമൊക്കെ ചെയ്യുന്നത്. അതുകൊണ്ടാണ് സഹകരണ കൊള്ള നടക്കുമ്പോള്‍ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുമെന്ന് പറയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കും ഇതെല്ലാം അറിയാം. വയനാട്ടിലെ കോടികളുടെ സഹകരണ  കൊള്ള നടത്തിയത് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്. സഹകരണ കൊളളയെക്കുറിച്ച് ഇനിയും നിരവധി വിവരങ്ങള്‍ പുറത്തുവരും. സഹകരണ അഴിമതിക്കെതിരായി ബി.ജെ.പി സമരവും പ്രചാരണവും. തുടരുമെന്നും സമരത്തോടൊപ്പം നിയമ നടപടികളും അവലംബിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാരുടെ കേരള പര്യടനത്തിന്റെ  ചെലവ് സഹകരണ ബാങ്കുകളില്‍ നിന്നെടുക്കാന്‍ തീരുമാനിച്ചതോടെ സഹകരണ മേഖലയെ രക്ഷിക്കാനോ സഹായിക്കാനോ അല്ല കൊള്ളയടിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന ആക്ഷേപത്തില്‍ അടിസ്ഥാനമില്ല. ഇഡി വെറുതെ അന്വേഷിക്കുന്നതല്ലല്ലോ. നിക്ഷേപകര്‍ തന്നെയാണ് ഇതെല്ലാം പുറത്തുകൊണ്ടുവന്നത്. രാഷ്ടീയ പ്രേരിതമെന്ന് പറഞ്ഞ്  നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.  സഹകരണ ബാങ്കുകളെ കറവപശുവാക്കിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രി തന്നെയാണ്. സഹകരണ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയതും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ കലത്തില്‍ മുഴുവന്‍ ഇപ്പോള്‍ കറുത്ത വറ്റ് മാത്രമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ ബാങ്കുകള്‍ക്ക്  റിസര്‍വ് ബാങ്ക് നിയന്ത്രണം വേണമെന്നും കെ.വൈ.സി , കോമണ്‍ സോഫ്റ്റ് വെയര്‍ എന്നിവ ഏര്‍പ്പടുത്തണമെന്നും പറഞ്ഞപ്പോള്‍ അതിനെതിരെ സമരം ചെയ്ത ആളാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി സഹകരണ മേഖലെയ മാറ്റുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ കേരളീയത്തില്‍ പങ്കെടുത്തതിനെ ക്കുറിച്ച് അദ്ദേഹത്തിന്റെ പ്രായവും കഴിഞ്ഞ കാല സേവനവും കണക്കിലെടുത്ത് ഇപ്പോള്‍ മറുപടി പറയുന്നില്ല. പാര്‍ട്ടിയാണ് അക്കാര്യം  വിലയിരുത്തേണ്ടത്.  അത്ര തിരക്ക് പിടിച്ച മറുപടി പറയേണ്ട വിഷയമല്ല അതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ ആരു വിചാരിച്ചാലും കേരളത്തില്‍ നടപ്പാവില്ല.  അത് അത്യാവശ്യമുള്ള കാര്യമല്ല. വന്ദേഭാരത് ഇനിയും വരും. ആദ്യം മുഖ്യമന്ത്രി നാട്ടുകാര്‍ക്ക് ക്ഷേമ പെന്‍ഷന്‍ കൊടുക്കട്ടെ. തൊഴിലുറപ്പ് കൂലി വിഹിതം കൊടുക്കട്ടെ.  മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതൊന്നും ചോദിക്കാനായി   മുഖ്യമന്ത്രിക്കടുത്തെത്താന്‍ പറ്റുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രം കുടിശിക നല്‍കാനുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ആരോപണത്തെയും കെ.സുരേന്ദ്രന്‍ ഖണ്ഡിച്ചു. എന്താണ് കുടിശ്ശിക കൊടുക്കാനുള്ളതെന്ന് ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന് കത്ത് കൊടുക്കട്ടെ. കൊടുത്ത കത്ത് പുറത്ത് വിടട്ടെ. വസ്തുതാപരമായി ജനങ്ങളോട് പറയട്ടെ. കുടിശികയുടെ കാര്യം ബാലഗോപാല്‍ പത്രക്കാരോട് മാത്രമാണ് സംസാരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് പണം കിട്ടുന്നില്ല എന്നു പറയുന്നത് ധൂര്‍ത്തും കൊള്ളയും മറച്ചുവയ്ക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്ലീം ലീഗ് യു.ഡി.എഫില്‍ നിന്ന് മതില്‍ ചാടി എല്‍.ഡി.എഫിലെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

Related posts:

Leave a Reply

Your email address will not be published.