ബുക്ക് ചെയ്ത ബര്‍ത്ത് അതിഥി തൊഴിലാളികള്‍ കൈയ്യേറി, ദമ്പതിമാര്‍ക്ക് ദുരിതയാത്ര; ഒടുവില്‍ റെയില്‍വേ കുടുങ്ങി

1 min read

ട്രെയിനില്‍ ബുക്ക് ചെയ്!ത ബര്‍ത്ത് ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികള്‍ കൈയേറിയ സംഭവത്തില്‍ ദമ്പതിമാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രധാന വിധിയുമായി ഉപഭോക്തൃ കമ്മിഷന്‍. 95,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്.

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഡോ. നിതിന്‍ പീറ്റര്‍, ഭാര്യ ഒറ്റപ്പാലം സ്വദേശിനി ഡോ. സരിക എന്നിവര്‍ നല്‍കിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, തിരുവനന്തപുരം അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ തുടങ്ങിയവരെ എതിര്‍ കക്ഷിയാക്കിയാണ് പരാതി.

2017 സെപ്റ്റംബറില്‍ ആയിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെ 12.20ന് തിരുവനന്തപുരംഹൗറ എക്‌സ്പ്രസില്‍ പാലക്കാട് ജങ്ഷനില്‍നിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ദമ്പിതകളുടെ ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറിയത്. ദമ്പതികള്‍ക്ക് 69, 70 നമ്പര്‍ ബര്‍ത്തുകളാണ് റിസര്‍വേഷന്‍ സമയത്ത് അനുവദിച്ചിരുന്നത്.

എന്നാല്‍ പാലക്കാട് ജങ്ഷനില്‍നിന്ന് ഇരുവരും ട്രെയിനില്‍ കയറിയപ്പോള്‍ ഇവര്‍ക്ക് അനുവദിച്ച 70ാം നമ്പര്‍ ബര്‍ത്തില്‍ മൂന്ന് അതിഥിത്തൊഴിലാളികള്‍ സ്ഥാനം പിടിച്ചിരുന്നു. തൊഴിലാളികളുടെ കൈവശം ടിക്കറ്റ് പരിശോധകന്‍ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നു. അതിനാല്‍ ഈ തൊഴിലാളികള്‍ ബര്‍ത്തില്‍ നിന്ന് മാറാന്‍ കൂട്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു.

അതേസമയം ചങ്ങല പൊട്ടിയതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ ആയിരുന്നു 69ാം നമ്പര്‍ ബെര്‍ത്ത് എന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പാലക്കാട് സ്റ്റേഷന്‍ ഫോണ്‍ നമ്പറില്‍ പരാതിപ്പെട്ടു. എന്നാല്‍ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതിനാല്‍ ടി.ടി.ആറിനെ സമീപിക്കാനുമായിരുന്നു പാലക്കാട് സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദേശം. എന്നാല്‍ യാത്ര അവസാനിക്കും വരെ ടിക്കറ്റ് പരിശോധകന്‍ ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.

ട്രെയിന്‍ തിരുപ്പൂര്‍, കോയമ്പത്തൂര്‍ സ്റ്റേഷനുകളില്‍ എത്തിയപ്പോള്‍ ദമ്പതികള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സഹായം തേടി. എങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂര്‍ത്തിയാക്കേണ്ടിവന്നതായും ദമ്പതിമാര്‍ ഉപഭോക്തൃ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

റെയില്‍വേ നല്‍കേണ്ട തുകയില്‍ 50,000 രൂപ സമയത്ത് സേവനം ലഭിക്കാത്തതിലുള്ള നഷ്!ടപരിഹാരമാണ്. 25,000 രൂപ വ്യാപാരപ്പിഴയും 20,000 രൂപ യാത്രക്കാര്‍ക്കുണ്ടായ മാനസികബുദ്ധിമുട്ടിനുള്ള നഷ്!ടപരിഹാരത്തുകയുമാണ്. റെയില്‍വേ അധികൃതരുടെ വാദംകൂടി കേട്ടതിന് ശേഷം ആണ് കമ്മിഷന്‍ പരാതി അംഗീകരിച്ചതും നഷ്!ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചതും.

Related posts:

Leave a Reply

Your email address will not be published.