ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്റെ പകരക്കാരനായി യുവ ഓപ്പണര്‍, ഉമ്രാന്‍ മാലിക്ക്
1 min readചിറ്റഗോങ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇടത് തള്ളവിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാകുമോ എന്ന ആശങ്കക്കിടെ പകരക്കാരനായി ഇന്ത്യ എ ടീം നായകനും യുവ ഓപ്പണറുമായ അഭിമന്യു ഈശ്വരന്‍ ടീമിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബംഗ്ലാദേശ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എയെ നയിക്കുന്ന അഭിമന്യു ഈശ്വരന്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടി മികച്ച ഫോമിലാണ്.
രോഹിത്തിന് ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനവും അതിനുശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കുമെന്നാണ് സൂചന. പരിക്കുമൂലം ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നിന്ന് പുറത്തായ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി പേസര്‍ ഉമ്രാന്‍ മാലിക്കിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഉമ്രാന്‍ മാലിക്കിനെ പരിഗണിച്ചില്ലെങ്കില്‍ മുകേഷ് കുമാറാകും പകരക്കാരനായി ടീമിലെത്തുക. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ടെസ്റ്റ് ടീമില്‍ സൗരഭ് കുമാറിനെയും ഉള്‍പ്പെടുത്തിയേക്കും. ഈ മാസം 14 മുതല്‍ ചിറ്റഗോങിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.