ഒരു വര്‍ഷം മുമ്പ് ഭാര്യ കൊല്ലപ്പെട്ട വീട്ടില്‍ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

1 min read

ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ചിന്നമ്മയുടെ ഭര്‍ത്താവ് കൊച്ചുപുരയ്ക്കല്‍ താഴത്ത് ജോര്‍ജ്ജിനെ അതെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോര്‍ജ്ജിനെ കാണാനില്ലെന്ന മക്കളുടെ പരാതിയില്‍ പൊലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തില്‍ പോകുമെന്ന് ജോര്‍ജ്ജ് മകളോട് വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍, തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ജോര്‍ജിന്റെ മൃതദേഹം കണ്ടെത്തിയത്. ജോര്‍ജ്ജ് മാത്രമാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസം. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയെ ഇതേ വീടിനുള്ളിലാണ് 2021 ഏപ്രില്‍ 8 ന് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ചിന്നമ്മയുടെ ഭര്‍ത്താവ് ജോര്‍ജ്ജിനെ അതേ വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോര്‍ജ്ജിന്റെ മരണം സ്വാഭാവികമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു. ചിന്നമ്മ വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് കൊലപാതകം നടക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഏറെ നേരം ചോര വാര്‍ന്നാണ് മരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇതുവരെയും പ്രതിയെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

ചിന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന ഭര്‍ത്താവ് ജോര്‍ജിന്റെ മൊഴി കേസില്‍ ഏറെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. നാല് പവനോളം സ്വര്‍ണ്ണാഭരണങ്ങളാണ് കാണാതായതെന്നാണ് ജോര്‍ജ്ജ് പൊലീസിനെ അറിയിച്ചത്. ചിന്നമ്മയുടെ കൊലയ്ക്ക് പിന്നാലെ പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞ ഒരാളുടെ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചെങ്കിലും ഇതുവരെ ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സ്വര്‍ണ്ണാഭരണം നഷ്ടമായെന്ന വെളിപ്പെടുത്തലോടെ ഭര്‍ത്താവ് ജോര്‍ജ്ജിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ വിവരമൊന്നും പൊലീസിന് ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിന്നമ്മയുടെ കൊലപാതക കേസ് എവിടെയും എത്തിനില്‍ക്കാതിരിക്കുമ്പോഴാണ് ജോര്‍ജ്ജിന്റെ മരണം.

Related posts:

Leave a Reply

Your email address will not be published.