ഉനക്കുള്‍ നാനെ ആരുടെ വരികളെന്നറിഞ്ഞാല്‍ ഞെട്ടും

1 min read

ഡബ്ബിംഗിനെത്തിയ നടി രോഹിണി ഗാനരചയിതാവായതെങ്ങനെ

ചില പാട്ടുകളുടെ കഥ അങ്ങനെയാണ്, ഒരുപക്ഷേ… റിലീസ് ചെയ്യുന്ന സമയത്തേക്കാള്‍ പിന്നീട് എപ്പോഴെങ്കിലുമായിരിക്കും അത് വലിയ ആസ്വാദക സ്വീകാര്യത നേടുന്നത്. സമീപകാലത്ത് ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ വൈറലായ തമിഴ് ഗാനമായിരുന്നു ‘ഉനക്കുള്‍ നാനെ…’ പാടിയും ആടിയും വീഡിയോ ക്രീയേറ്റ് ചെയ്തും സസ്‌ക്രൈബേഴ്‌സ് ഉനക്കുള്‍ നാനെ ഗാനം ഇന്‍സ്റ്റഗ്രാമില്‍ വൈറലാക്കി മാറ്റി. 2007 ല്‍ പുറത്തിറങ്ങിയ ‘പച്ചക്കിളി മുത്തുച്ചരം’ എന്ന തമിഴ് ത്രില്ലര്‍ ചിത്രത്തിലെ ഗാനമായിരുന്നു അത്. ശരത് കുമാര്‍, ജ്യോതിക, ആന്‍ഡ്രിയ ജെര്‍മിയ എന്നിവര്‍ പ്രധാന താരങ്ങളായ ചിത്രത്തിലെ ഗാനം സിനിമ റിലീസ് ചെയ്ത സമയത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നരപ്പതിറ്റാണ്ടിനു ശേഷം വീണ്ടും തരംഗമായി മാറുന്ന ഗാനത്തിനു രചന നിര്‍വഹിച്ചിരിക്കുന്നത് നടി രോഹിണിയാണെന്നത് മറ്റൊരു കൗതുകം.

അഭിനേത്രി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധ നേടിയ രോഹിണിയെ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് ഗാനരചയിതാവാക്കിയത്. അഭിനയത്തിനൊപ്പം തന്നെ തമിഴിലെ മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് രോഹിണി. ഇന്ത്യണ്‍, ബോംബെ, ഇരുവര്‍ അടക്കമുള്ള നിരവധി സിനിമകളിലൂടെ തമഴിലേക്കെത്തിയ ബോളിവുഡ് നായികമാര്‍ക്ക് ഉള്‍പ്പടെ തൊണ്ണൂറുകള്‍ മുതല്‍ ഡബ്ബിംഗ് മേഖലയില്‍ രോഹിണിയുണ്ട്. 2006 ല്‍ കമലഹാസനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വേട്ടയാട് വിളയാടില്‍ ജ്യോതികയ്ക്കു വേണ്ടി ഡബ്ബ് ചെയ്തത് രോഹിണിയായിരുന്നു.

അന്നു ഡബിംഗിനെത്തിയ രോഹിണിയുടെ പാട്ടെഴുത്തിലെ താല്‍പര്യം തിരിച്ചറിഞ്ഞ ഗൗതം വാസുദേവ് മേനോന്‍ രോഹിണിയോട് തന്റെ അടുത്ത സിനിമയ്ക്ക് പാട്ടെഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ രോഹിണി എഴുതിയ പാട്ടായിരുന്നു ഉനക്കുള്‍ നാനെ ഉരുകും… ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച് ബോംബെ ജയശ്രിയാണ് ഗാനം ആലപിച്ചിരുന്നത്. ഇന്നു ഗാനത്തിലെ ചില വരികളെ ഹൈലൈറ്റ് ചെയ്താണ് വീഡിയോ പുറത്തിറക്കുന്നത്. ഇപ്പോള്‍ പഴയ തലമുറയും പുതിയ തലമുറയും ഒരു പോലെ ഏറ്റെടുത്തിരിക്കുകയാണ് ഉനക്കുള്‍ നാനെ…

ഗൗതം മേനോന്റെ ‘വേട്ടയാട് വിളയാട്’ എന്ന സിനിമയുടെ ഡബ്ബിംഗ് ജോലിക്കിടെയായിരുന്നൂ രേവതിയുടെ ടെലിസിനിമയ്ക്കു വേണ്ടി ഒരു കവിത എഴുതുന്നത്. ഗൗതമിനോട് അല്‍പം സമയം വാങ്ങിയാണ് അതെഴുതിയത്. വായിച്ചു കേട്ടപ്പോള്‍ അടുത്ത സിനിമ പച്ചൈക്കിളിക്ക് വേണ്ടി ഒരു പാട്ടെഴുതാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഒരു സംഭാഷണരീതിയിലുള്ള ഒരു പാട്ടെഴുതാനാണ് പറഞ്ഞത്. സംഗീതത്തിനനുസൃതമായി എഴുതേണ്ടന്നുള്ളത് അനുഗ്രഹമായി. ഇപ്പോഴും പാട്ടെഴുതുമെങ്കിലും ഒരു സീരിയസ് പ്രൊഫഷനായി അതു കണ്ടിട്ടില്ല.

പിന്നീട് ഒരുപിടി സിനിമകളില്‍ ഹിറ്റ് ഗാനങ്ങളെഴുതാന്‍ രോഹണിയ്ക്കു സാധിച്ചു. വിജയ് നായകനായി പ്രഭുദേവ സംവിധാനം ചെയ്ത വില്ലിലെ ജല്‍സ എന്ന ഹിറ്റ് ഗാനം എഴുതിയതും രോഹിണിയായിരുന്നു. മുന്‍ദിനം പാര്‍ത്തെനെ, മാലൈ പൊഴുതിന്‍ മയക്കിലെ തുടങ്ങിയ ചിത്രങ്ങളിലും ഗാനരചയിതാവായി. 2021ല്‍ ധനുഷും അക്ഷയ് കുമാറും പ്രധാന കഥാപാത്രമായിത്തെയെത്തി ശ്രദ്ധ നേടിയ അദ്രന്‍ഗി റേ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് പതിപ്പ് ഗലാട്ട കല്യാണത്തിന് മുരളി മോഘ എന്ന ഗാനമാണ് അവസാനം രോഹിണി എഴുതിയത്.

Related posts:

Leave a Reply

Your email address will not be published.