ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണം എന്റെ അച്ഛനാണ്, നിറകണ്ണുകളോടെ ഹാര്‍ദിക് പാണ്ഡ്യ
1 min readമെല്‍ബണ്‍: പാകിസ്താനെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തിനുശേഷം കണ്ണരണിഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. മത്സരത്തില്‍ ഇന്ത്യ വിജയിച്ചശേഷമുള്ള അഭിമുഖത്തിനിടെയാണ് ഹാര്‍ദിക് അച്ഛനെക്കുറിച്ച് വികാരാധീനനായത്. കഴിഞ്ഞ വര്‍ഷമാണ് ഹാര്‍ദിക്കിന്റെ പിതാവ് ഹിമാന്‍ഷു അന്തരിച്ചത്. പാകിസ്താനെതിരായ മത്സരത്തിലെ പ്രകടനം അദ്ദേഹത്തിനുവേണ്ടി സമര്‍പ്പിക്കുന്നുവെന്ന് ഹാര്‍ദിക് പറഞ്ഞു.
‘ ഈ ഇന്നിങ്സ് എന്റെ അച്ഛന് മുന്നില്‍ സമര്‍പ്പിക്കുന്നു. ഇന്നത്തെ എന്റെ പ്രകടനത്തില്‍ അദ്ദേഹം തീര്‍ച്ചയായും സന്തോഷിക്കും. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഞാനിവിടെ എത്തില്ലായിരുന്നു. അച്ഛന്റെ ത്യാഗങ്ങള്‍ വലുതാണ്. അദ്ദേഹത്തെപ്പോലെ കുട്ടികളെ നന്നായി സ്നേഹിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. എന്റെയും സഹോദരന്റെയും ക്രിക്കറ്റ് മോഹങ്ങള്‍ സഫലീകാരിക്കാനായി അദ്ദേഹത്തിന് നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവന്നു. ബിസിനസ്സ് ഉപേക്ഷിച്ചു. അച്ഛന്റെ ത്യാഗങ്ങളില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഞാനിവിടെ നില്‍ക്കില്ല’ ഹാര്‍ദിക് നിറകണ്ണുകളോടെ വിതുമ്പി.
മത്സരത്തില്‍ പാകിസ്താനെതിരേ പക്വതയേറിയ പ്രകടനമാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. വിക്കറ്റ് കളയാതെ അവസാന നിമിഷം വരെ വിരാട് കോലിയ്ക്ക് ഒപ്പം നിന്ന് പോരാടിയാണ് ഹാര്‍ദിക് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. അഞ്ചാം വിക്കറ്റില്‍ കോലിയ്ക്കൊപ്പം 113 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടും ഹാര്‍ദിക് പടുത്തുയര്‍ത്തി.
37 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഹാര്‍ദിക് മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും മികച്ചുനിന്നു. മത്സരത്തില്‍ ഇന്ത്യ നാലുവിക്കറ്റിനാണ് പാകിസ്താനെ കീഴടക്കിയത്.