മൂന്നാം ഏകദിനത്തിന് തിരുവനന്തപുരം വേദിയാകും
1 min read
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വേദിയാവും. ജനുവരി 15നായിരിക്കും മത്സരം. ശ്രീലങ്കക്കെതിരെ മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. ഈ വര്‍ഷം ഇന്ത്യ ലോകകപ്പിന് വേദിയൊരുക്കുകയാണ്. ലോകകപ്പിനുള്ള ഒരുക്കത്തിന്റെ തുടക്കം കൂടിയായിരിക്കും ഈ പരമ്പര. ജനുവരി മൂന്നിന് മുംബൈയില്‍ ട്വന്റി20 യോടെയാണ് പരമ്പര തുടങ്ങുക. പൂനെ (ജനു. 5), രാജ്‌കോട് (ജനു. 7) എന്നിവിടങ്ങളിലായിരിക്കും മറ്റു ട്വന്റി20 കള്‍. ഗുവാഹതി (ജനുവരി 10), കൊല്‍ക്കത്ത (ജനു. 12) എന്നിവിടങ്ങളില്‍ ആദ്യ ഏകദിനങ്ങള്‍ അരങ്ങേറും.
ട്വന്റി20 പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയും ഏകദിനങ്ങളില്‍ രോഹിത് ശര്‍മയും ഇന്ത്യയെ നയിക്കും. സമീപകാലം വരെ രണ്ടാം നിര ടീമിനെ നയിച്ച ശിഖര്‍ ധവാനെ ഒഴിവാക്കി. സൂര്യകുമാര്‍ യാദവാണ് ട്വന്റി20 വൈസ് ക്യാപ്റ്റന്‍. വിരാട് കോലിയും കെ.എല്‍ രാഹുലും ട്വന്റി20 ടീമിലില്ല. റിഷഭ് പന്ത് രണ്ട് ടീമിലുമില്ല. സഞ്ജു സാംസണ്‍ ട്വന്റി20 ടീമില്‍ ഇടം നേടി. രാഹുല്‍ ഏകദിന ടീമിലുണ്ടെങ്കിലും വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടില്ല. ട്വന്റി20 ടീമില്‍ ഭുവനേശ്വര്‍കുമാറിനെയും മുഹമ്മദ് ഷമിയെയും ഒഴിവാക്കി. ശിവം മാവിയും മുകേഷ്‌കുമാറും ആദ്യമായി ടീമിലിടം നേടി. ഹര്‍ഷല്‍ പട്ടേല്‍, ഉംറാന്‍ മാലിക് എന്നിവരാണ് മറ്റു പെയ്‌സര്‍മാര്‍.