മമ്മൂട്ടിയോടുള്ളത് സുഹൃത്ബന്ധം, ലാലിനോട് കുടുംബ ബന്ധവും
1 min read
അഭിപ്രായം ചോദിച്ചാൽ കൃത്യമായ മറുപടി പറയും മമ്മൂട്ടി. ലാൽ കുഞ്ഞാണ് എന്ന് മല്ലിക സുകുമാരൻ
ആരെയാണ് കൂടുതൽ ഇഷ്ടം – മമ്മൂട്ടിയേയോ മോഹൻലാലിനെയോ ? ഇത്തരമൊരു ചോദ്യം ഒരു ശരാശരി മലയാളിയോട് ചോദിച്ചു നോക്കൂ … രണ്ടു പേരെയും ഒരുപോലെ എന്നായിരിക്കും മറുപടി… ഇതേ ചോദ്യം സിനിമക്കാരോട് ചോദിക്കൂ. ഡിപ്പോമാറ്റിക്കായ ഒരുത്തരമേ അവരിൽ നിന്നും പ്രതീക്ഷിക്കാനാവൂ. രണ്ടുപേരെയും പിണക്കരുതല്ലോ… സിനിമാ പ്രേമികളോട് ചോദിക്കൂ… മോഹൻലാലിന്റെ ഡാൻസ് , കണ്ണിൽ മിന്നിമറയുന്ന ഭാവങ്ങൾ, മമ്മൂട്ടിയുടെ നടപ്പ്, വോയ്സ് മോഡുലേഷൻ ഇങ്ങനെ … പോകും ആ മറുപടികൾ. ഒരാളെ ചൂണ്ടികാണിക്കാൻ അവർക്കുമാവില്ല. കാരണം ഈ നടൻമാർക്കിടയിൽ താരതമ്യങ്ങളില്ല. അതിന്റെ ആവശ്യവുമില്ല. മലയാള സിനിമയിലെ മഹാമേരുക്കളാണ് ഇരുവരും.
ഈ അവസരത്തിലാണ് മമ്മൂട്ടിയുമായും മോഹൻലാലുമായും തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് നടി മല്ലിക സുകുമാരൻ പറയുന്ന വീഡിയോ ശ്രദ്ധനേടുന്നത്.
മല്ലിക സുകുമാരൻ പറയുന്നതിങ്ങനെയാണ് : ‘രണ്ടുപേരെയും ഇഷ്ടമാണെന്ന് പറഞ്ഞാൽ അത് ശരിയായ ഉത്തരമല്ല. രണ്ടുപേരോടും രണ്ട് തരത്തിലുള്ള മറക്കാനാവാത്ത ബന്ധമുണ്ട് എനിക്ക്.’
അഞ്ച് വയസുള്ളപ്പോൾ മുതൽ ഞങ്ങളുടെ വീട്ടുമുറ്റത്ത് ഓടിക്കളിച്ച് വളർന്ന കുഞ്ഞാണ് ലാലു …. ഞങ്ങൾ അടുത്ത് അടുത്തായിരുന്നു താമസിച്ചിരുന്നത്. മമ്മൂട്ടിയോട് ഒരു ബഹുമാനമാണുള്ളത്. മമ്മൂട്ടിയോട് അഭിപ്രായം ചോദിക്കുന്നത് പല ഘട്ടങ്ങളിലും ഞങ്ങൾക്ക് സഹായമാവുകയും ചെയ്തിട്ടുണ്ട്.’
‘മമ്മൂട്ടിയോട് അഭിപ്രായം ചോദിച്ചാൽ ആത്മാർത്ഥമായി ഉത്തരം പറയും. അഭിപ്രായം പറയാനുള്ള പ്രായമൊന്നും അന്ന് ലാലുവിന് ആയിട്ടില്ല. ലാലുവിനെ ഞങ്ങൾ എപ്പോഴും ഒരു കുഞ്ഞായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴും ലാലുവിനോട് സീരിയസായി ഒരു കാര്യം പറയുമ്പോൾ ഞാൻ ചെന്ന് പറഞ്ഞാൽ എങ്ങനെയാ എന്നുള്ള ചിന്തയൊക്കെ വരും.’
മോഹൻലാലിനോട് ഉള്ളത് ഒരു കുടുംബബന്ധവും മമ്മൂട്ടിയോട് ഉള്ളത് ഒരു ആത്മാർത്ഥ സുഹൃത്ത് ബന്ധവുമാണ്’ എന്ന് വെളിപ്പെടുത്തുന്നു മല്ലിക സുകുമാരൻ .. ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ അമ്മ വേഷം ചെയ്തിട്ടുണ്ട് മല്ലിക സുകുമാരൻ ..
മഴവിൽ മനോരമയിലെ ഒരു പരിപാടിയിലായിരുന്നു മല്ലിക സുകുമാരന്റെ ഈ തുറന്നു പറച്ചിൽ ..