പിരിച്ചുവിട്ടതിന് പ്രതികാരം; ബാറിലെത്തി ‘ഫിറ്റായി’ പണം കവര്‍ന്നു
1 min readകായംകുളം: ജോലിയില്‍ നിന്നു പിരിച്ച് വിട്ടതിന് പ്രതികാരമായി ബാറിലെത്തി പണം കവര്‍ന്ന സംഭവത്തില്‍ മുന്‍ പാചകക്കാരനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം രണ്ടാം കുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കലായി ബാറില്‍ നിന്നും പണം കവര്‍ന്ന കേസിലാണ് രണ്ടുപേരെ പൊലീസ് പിടികൂടിയത്. ചെങ്ങന്നൂര്‍ കീഴ്വന്‍ മുറി കൂപ്പരത്തി കോളനിയില്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ അനീഷ് (41), പുലിയൂര്‍ പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ നൂലൂഴത്ത് വീട്ടില്‍ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാര്‍ (46) എന്നിവരാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27ന് ഉച്ചയ്ക്കാണ് കലായി ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയില്‍ നിന്നും പണം നഷ്ടപ്പെട്ടത്. അക്കൗണ്ട് മുറിയിലെ മേശയുടെ ഡ്രോയില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപയാണ് മുമ്പ് കലായി ബാറില്‍ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന അനീഷ് അടിച്ചുമാറ്റിയത്. ബാറിലെത്തിയ അനീഷ് മദ്യപിച്ച ശേഷം ഒന്നാം നിലയിലുള്ള അക്കൗണ്ട് മുറിക്ക് സമീപം പതുങ്ങി നിന്നു. ജീവനക്കാര്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന പണം എടുത്ത് കടന്നു കളയുകയായിരുന്നു.
മുമ്പ് കലായി ബാറില്‍ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന അനീഷിനെ അമിത മദ്യപാനത്തെത്തുടര്‍ന്ന് ജോലിയില്‍ നിന്നും അടുത്തിടെ പറഞ്ഞു വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് പ്രതി ബാറില്‍ നിന്നും പണം മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബാറുടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മോഷ്ടിച്ച പണം ചെലവാക്കുന്നതിന് സഹായിച്ചതിനാണ് അനീഷിന്റെ സുഹൃത്ത് രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പണവുമായി അനീഷ് ആദ്യമെത്തിയത് രതീഷിന്റെയടുത്താണ്. മോഷണമുതലാണെന്ന അറിവോടെ രതീഷ് ഈ പണം വാങ്ങി ചിലവഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ രതീഷ് മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ മാലപറി കേസില്‍ പ്രതിയാണ്.