ലുസൈലില്‍ അര്‍ജന്റീനയ്ക്ക് ഫ്രാന്‍സിനോട് ചില കടങ്ങള്‍ വീട്ടാനുണ്ട്

1 min read

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലെ അര്‍ജന്റീനഫ്രാന്‍സ് ഫൈനലിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫ്രാന്‍സ് മൂന്നിനെതിരെ നാല് ഗോളിന് അര്‍ജന്റീനയെ തോല്‍പിച്ചിരുന്നു. പകരം വീട്ടാന്‍ അര്‍ജന്റീനയും ജയം ആവര്‍ത്തിക്കാന്‍ ഫ്രാന്‍സും ഇറങ്ങുമ്പോള്‍ അന്ന് നേര്‍ക്കുനേര്‍ പോരാടിയ താരങ്ങളില്‍ ചിലര്‍ ഇത്തവണയും മുഖാമുഖം വരും.

റഷ്യന്‍ ലോകകപ്പില്‍ ഗോള്‍മേളം കണ്ട മത്സരങ്ങളിലൊന്നായിരുന്നു ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍. ഫ്രഞ്ച് യുവ നിരയോട് ഓടിത്തോറ്റ അര്‍ജന്റീന ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. കസാന്‍ അരീനയില്‍ അര്‍ജന്റീനയ്ക്കായി ആദ്യ ഇലവനില്‍ ഇറങ്ങിയ ലിയോണല്‍ മെസി, ഏഞ്ചല്‍ ഡി മരിയ, നിക്കോളസ് ഓട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവരും പകരക്കാരുടെ ബെഞ്ചിലായിരുന്ന അക്യൂനയും ഡിബാലയും ലുസൈലില്‍ കണക്ക് ചോദിക്കാന്‍ വരുന്നവരുടെ കൂട്ടത്തിലുണ്ട്. ഫ്രാന്‍സിന് വീണ്ടും ജയമൊരുക്കാന്‍ ഇറങ്ങുന്നത് നായകന്‍ ഹ്യൂഗോ ലോറിസ്, കിലിയന്‍ എംബപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍, റാഫേല്‍ വരാന്‍, ബെഞ്ചമിന്‍ പവാര്‍ഡ്, ഉസ്മന്‍ ഡെംബെലെ എന്നിവര്‍.

ഇക്കുറി ഖത്തറില്‍ കൂടുതല്‍ കരുത്തുറ്റ നിരയുമായി അര്‍ജന്റീന മുഖാമുഖം വരുമ്പോള്‍ ഫ്രാന്‍സ് ഒന്നുകൂടി മിനുക്കിയ ടീമായാണ് എത്തുന്നത്. മെസിപ്പട പകരം വീട്ടുമോ അതോ അവസാന ചിരി ഒരിക്കല്‍ കൂടി ഹ്യൂഗോ ലോറിസിന്റേതാകുമോ എന്ന് കാത്തിരുന്നറിയാം. ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം. കലാശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഏറ്റുമുട്ടും. ലുസൈല്‍ സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് കലാശപ്പോരാട്ടം.

Related posts:

Leave a Reply

Your email address will not be published.