പറക്കുംതളികയിലെ എഡിറ്റ് ചെയ്ത സീൻ

1 min read

പറക്കുംതളികയിലെ ഹിറ്റായ മണവാളനും കട്ട് ചെയ്ത സീനും

ഹനീഫിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഈ പറക്കും തളികയിലെ മണവാളന്റേത്. സിനിമയിൽ ഹരിശ്രീ അശോകനും ദിലീപും അണിയിച്ചൊരുക്കുന്ന മണവാളൻ വേഷം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. മുൻപൊരിക്കൽ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത ഹനീഫ് ഈ വേഷത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കഥാപാത്രം ഇത്രത്തോളം ഹിറ്റാവുമെന്ന് കരുതിയില്ലെന്നാണ് ഹനീഫ് പറഞ്ഞത്. അതോടൊപ്പം ഈ ചിത്രത്തിൽ താൻ അഭിനയിച്ച കുറച്ചു ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കളഞ്ഞതിനെക്കുറിച്ചും അദ്ദേഹം വേദനയോടെ ഓർക്കുന്നു. അതേക്കുറിച്ച് ഹനീഫ് പറയുന്നത് ഇങ്ങനെയാണ് :

”പറക്കും തളികയിൽ കല്യാണ ചെക്കന്റെ വേഷം അഭിനയിച്ചപ്പോൾ ഒരിക്കലും വിചാരിച്ചില്ല ആ സിനിമ ഇത്ര വിജയം ആവുമെന്നോ എന്റെ കഥാപാത്രം ഇത്രത്തോളം ഹിറ്റ് ആവുമെന്നോ. ഇന്നും ആൾക്കാർ എന്നെ ആ കഥാപാത്രത്തിന്റെ പേരിൽ തിരിച്ചറിയുന്നു. ആ സിനിമ ഇറങ്ങി അത് കാണാൻ ഞാനും എന്റെ ഒരു സുഹൃത്തും കൂടി എറണാകുളത്ത് ഒരു തീയറ്ററിൽ ക്യൂ നിന്നപ്പോൾ തീയറ്ററിന്റെ ഉടമ വന്നു പറഞ്ഞു നിങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിട്ടില്ലേ മനസിലായി ടിക്കറ്റ് ഒക്കെ ഞങ്ങൾ തരില്ലേ കേറി വാ എന്ന്. ഒരുപാട് സന്തോഷം തോന്നിയ നിമിഷമാണ് അത്. പക്ഷെ അതിൽ ഒരു സങ്കടം കൂടിയുണ്ട്. ആ സിനിമയിൽ എന്റെ വേറെ ഒരു സീൻ കൂടിയുണ്ട്. അത് അവർ കട്ടാക്കി കളഞ്ഞിരുന്നു.

അതായത് ആ സിനിമയിൽ പിന്നെ എന്റെ കല്യാണം നടക്കാതെ ഞാൻ താടി ഒക്കെ വളർത്തി സ്വാമിയേ പോലെ നടക്കുമ്പോൾ ഒരു വഴിയിൽ ടീവിയിൽ സുന്ദരന്റെയും ഉണ്ണിയുടെയും ഇന്റർവ്യൂ കാണുന്നു. അതും ലൈവ് വീഡിയോ. ഞാൻ ആ സ്ഥലത്ത് ആൾക്കാരെ കൂട്ടി പോകുന്നതും അവന്മാരെ കൊണ്ട് എന്റെ താടിയും മുടിയും വെട്ടിക്കുന്നതും എന്നിട്ട് ആൾക്കാരെ കൊണ്ട് തല്ലിച്ചതയ്ക്കുന്നതും ഒക്കെ ആയിരുന്നു സീൻ. ഇതിന്റെ ഡബ്ബിങ് ഒക്കെ കഴിഞ്ഞതാണ്. സിനിമയുടെ റിലീസിന് രണ്ടു ദിവസം മുൻപ് അതുമായി ബന്ധപ്പെട്ട ഒരാൾ വന്നിട്ട് പറഞ്ഞു, ചേട്ടാ വിഷമിക്കരുത് എന്ന്. ഞാൻ കരുതി എന്റെ മൊത്തം സീനും കളഞ്ഞു. ഞാൻ പറക്കും തളികയിൽ ഇല്ല എന്നാണ് പറയുന്നത് എന്ന്. സിനിമയുടെ ഡ്യൂറേഷൻ കൂടിയപ്പോൾ അവർക്ക് വെട്ടിക്കളയേണ്ടി വന്നു എന്നാണ് അവർ പറഞ്ഞത്. അതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന്റെ പൂർണ്ണത കിട്ടാൻ സഹായിക്കുന്ന ഒരു സീൻ ആയിരുന്നു അത്”  ഹനീഫ് പറയുന്നു.

Related posts:

Leave a Reply

Your email address will not be published.