വ്യാപക പരിശോധന: കെഎസ്ആര്‍ടിസി ഉള്‍പ്പെടെ 12 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍വാഹന വകുപ്പ്

1 min read

പാലക്കാട്: വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയില്‍ 10 ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ 12 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഒരു കെഎസ്ആര്‍ടിസി ബസും ഒരു സ്വകാര്യ ബസും ഉള്‍പ്പെടെയാണ് നിയമ നടപടി നേരിട്ടത്. അഞ്ച് ദിവസത്തെ പരിശോധനക്കിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓയുടെ നടപടി വേഗപൂട്ടില്‍ ക്രമക്കേട് നടത്തിയത് 12 ബസുകളിലാണ്. ലൈറ്റ്, ശബ്ദം തുടങ്ങി അധിക ഫിറ്റിംഗുകള്‍ 321 ബസുകളില്‍ കണ്ടെത്തി. നിയമലംഘനത്തിന് 398 ബസുകള്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തു.

അതിനിടെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ ഗതാഗത മന്ത്രിയെ കാണും. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് എതിരെ ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. അത്തരം ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

നിയമ ലംഘകരായ ഡ്രൈവര്‍മാരുടെ ലൈസന്‍സും ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടക്കാല ഉത്തരവില്‍ കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. നിയമ വിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വിനോദയാത്ര നടത്തിയാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടി വരും. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങള്‍, ലൈറ്റുകള്‍, ഗ്രാഫിക്‌സ് സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇന്ന് മുതല്‍ പരിശോധന കര്‍ശനമായിരിക്കും.

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം. അടുത്ത ഫിറ്റ്‌നസ് ടെസ്റ്റ് വരെ ഇതിന് ഇളവ് നല്‍കിയിരുന്നു. ഈ ഇളവാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഹൈക്കോടതി നിര്‍ദേശം അതുപോലെ നടപ്പാക്കുമെന്നും മന്ത്രി ബസ്സുടമകളോട് പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം കളര്‍കോഡ് നടപ്പിലാക്കണം എന്ന് പറഞ്ഞാല്‍ പ്രായോഗികമാകില്ലെന്ന് ബസ്സുടമകള്‍ പറഞ്ഞു ഒന്നോ രണ്ടോ ശതമാനം പേര്‍ ചെയ്യുന്ന നിയമലംഘനങ്ങള്‍ എല്ലാവരുടെയും ചുമലില്‍ ചാരുന്നത് ശരിയല്ല.7000 ടൂറിസ്റ്റ് ബസ്സുകളുണ്ട്. പെട്ടെന്ന് എല്ലാം വെള്ളയടിക്കാനുള്ള വര്‍ക് ഷോപ് സംവിധാനം ഇല്ല. വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഉള്ള കളറില്‍ ഓടാന്‍ സമ്മതിക്കണം.അടുത്ത ഫിറ്റ്‌നസ് വരുമ്പോ മാറ്റാം എന്നും ഉടമകള്‍ ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.