ഓണ്‍ലൈന്‍ തട്ടിപ്പ്; യുവജന കമ്മീഷന്‍ ബോധവത്ക്കരണം നടത്തും.

1 min read

വയനാട് : വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ സംസ്ഥാനത്തുടനീളം യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് യുവജന കമ്മീഷന്‍ പ്രത്യേക ബോധവത്ക്കരണ ക്യാമ്പയിന് നേതൃത്വം നല്‍കുന്നത്. കലാലയങ്ങള്‍, ക്ലബ്ബുകള്‍, യുവജനങ്ങള്‍ക്ക് പ്രാധാന്യമുള്ള മറ്റ് ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവത്കരണം വ്യാപിപ്പിക്കുകയെന്ന് ചിന്താ ജെറോം വ്യക്തമാക്കി.

തട്ടിപ്പുകള്‍ തടയുന്നതിനായി സൈബര്‍ ഡോമിന്റെ കീഴില്‍ ഒരു പ്രത്യേക ടീമിനെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ശുപാര്‍ശ നല്‍കുമെന്നും ചിന്താ ജെറോം വയനാട്ടില്‍ പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ നിന്നും ലഭിച്ച പരാതിയില്‍ കമ്മീഷന്‍ പോലീസ് റിപ്പോര്‍ട്ട് തേടി. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അദാലത്തില്‍ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ കമ്മീഷന് കൈമാറി.

യുവജനങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന വിമുക്തി മിഷനുമായി സഹകരിച്ച് കമ്മീഷന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ബാങ്ക് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ടുളള പരാതിയില്‍ ബാങ്ക് മാനേജര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ കമ്മീഷന്‍ സ്വീകരിച്ചു.

ജില്ലാതല അദാലത്തില്‍ 20 കേസുകള്‍ യുവജന കമ്മീഷന്‍ പരിഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കി. 4 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയ പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മീഷനംഗങ്ങളായ കെ.റഫീഖ്, കെ.കെ വിദ്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് പി അഭിഷേക് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

Related posts:

Leave a Reply

Your email address will not be published.