മെസിയുടെ കൂറ്റന്‍ കട്ടൗട്ട് വരച്ച് ആരാധകന്‍, ഉയരം ഞെട്ടിക്കും
1 min readകല്‍പ്പറ്റ: കാല്‍പ്പന്തിന്റെ ലോക മാമാങ്കം ഖത്തറില്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നാടെങ്ങും വിവിധ ടീമുകള്‍ക്ക് വേണ്ടിയുള്ള ആരാധകരുടെ ആവേശവും പാരമ്യത്തിലാണ്. ഏത് കോണില്‍ നോക്കിയാലും തങ്ങളുടെ ഇഷ്ടടീമുകളോടുള്ള ആരാധന കൂറ്റന്‍ ഫഌ്‌സ് ബോര്‍ഡുകളായും കട്ടൗട്ടുകളായും നിരന്നു കഴിഞ്ഞു. ഏത് വലിപ്പത്തില്‍ വേണമെങ്കിലും ഇഷ്ടതാരങ്ങളുടെ പടങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കുന്ന ഈ കാലത്തും തന്റെ ഇഷ്ടടീമായ അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയുടെ കൂറ്റന്‍ ചിത്രം വരച്ച് കട്ടൗട്ട് ഒരുക്കിയിരിക്കുകയാണ് വയനാട്ടിലെ ഒരു കലാകാരന്‍. മാനന്തവാടിക്കടുത്ത വെള്ളമുണ്ടയിലെ ചിത്രകാരന്‍ കൂടിയായ എ ജില്‍സ് വരച്ച മെസിയുടെ ചിത്രമാണ് ഇപ്പോള്‍ അര്‍ജന്റീന ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.
ഒട്ടേറെ വ്യത്യസ്തതയാര്‍ന്ന ചിത്രങ്ങള്‍ വരച്ചിട്ടുള്ള വെള്ളമുണ്ട എട്ടേനാലിലെ ആനിക്കുഴിയില്‍ എ ജില്‍സിന്റെ കരവിരുതിര്‍ ഉടലെടുത്ത ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ടിന് വ്യത്യസ്തകളേറെയാണ്. അര്‍ജന്റീന ആരാധകരുടെ പിന്തുണയില്‍ വരച്ചെടുത്ത ചിത്രമാണിപ്പോള്‍ നാട്ടിലെ ചര്‍ച്ച. സണ്‍പാക്കില്‍ അക്രലിക് പെയിന്റ് ഉപയോഗിച്ചാണ് ജില്‍സ് മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് വരച്ചിരിക്കുന്നത്. 20 അടിയാണ് ഉയരം. കേരളത്തില്‍ ഒരു കലാകാരന്‍ തനിയെ വരച്ച ഏറ്റവും വലിയ മെസ്സിയുടെ പെയിന്റിംഗ് കട്ടൗട്ടായിരിക്കും ഇതെന്നാണ് അര്‍ജന്റീനയുടെയും മെസ്സിയുടെ ആരാധകന്‍ കൂടിയായ എ ജില്‍സ് പറയുന്നത്. ഏകദേശം ഒരാഴ്ച എടുത്ത് 25000 ത്തിനടുത്ത് രൂപ ചിലവിട്ടാണ് വെള്ളമുണ്ട എട്ടേനാലിലെ അര്‍ജന്റീന ഫാന്‍സിന് വേണ്ടി ജില്‍സ് കട്ടൗട്ട് ഒരുക്കിയത്.
ഖത്തര്‍ ലോകകപ്പില്‍ ഇത്തവണ അര്‍ജന്റീന കപ്പടിക്കുമെന്നാണ് ജില്‍സ് അഭിപ്രായപ്പെടുന്നത്. വയനാട്ടില്‍ ഫുട്‌ബോള്‍ ആരാധാകര്‍ ഏറെയുള്ള അരപ്പറ്റ, പൊഴുതന തുടങ്ങിയ പ്രദേശങ്ങളില്‍ ലോകകപ്പ് ഫുട്ബാളില്‍ മാറ്റുരക്കുന്ന പ്രമുഖ ടീമുകളുടെയെല്ലാം ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിനിടയിലേക്ക് ജില്‍സ് വരച്ച മെസിയുടെ കൂറ്റന്‍ ചിത്രം കൂടി എത്തുന്നതോടെ തങ്ങളുടെ ആത്മവിശ്വാസം കൂടുമെന്നാണ് ആരാധകരുടെ അഭിപ്രായം.