മുഖ്യമന്ത്രി രാജിവെക്കേണ്ടി വരും: കെ.സുരേന്ദ്രന്
1 min readവീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണ്. മടിയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ എത്താതെ ഒളിച്ചോടിയതെന്നും സുരേന്ദ്രന് പറഞ്ഞു. മകള്‍ മാത്രമല്ല മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് സിഎംആര്‍എല്‍ മാസപ്പടി കൊടുക്കാന്‍ കാരണം മുഖ്യമന്ത്രിയുടെ വഴിവിട്ട സഹായം ലഭിക്കാനാണ്. മുഖ്യനും സംസ്ഥാന സര്‍ക്കാരും കരിമണല്‍ കമ്പനിക്ക് ചെയ്ത് കൊടുത്ത സഹായങ്ങളെല്ലാം പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ല. ആത്മാര്ത്ഥതയോടല്ല പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ ആരോപണം ഉന്നയിക്കുന്നതെന്നും യുഡിഎഫിന്റെ പ്രമുഖ നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ടെന്നും കെ.സുരേന്ദ്രന് അഭിപ്രായപ്പെട്ടു.