ഏകദിനത്തിനും ടി20ക്കും വ്യത്യസ്ത ക്യാപ്റ്റന്മാര് റിപ്പോര്‍ട്ട്; ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍
1 min readമുംബൈ: ട്വന്റി 20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദിനത്തിലും ടി20യിലും വ്യത്യസ്ത ക്യാപ്റ്റന്മാരെ നിയമിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നു എന്നാണ് ഇന്‍സൈഡ് സ്പോര്‍ടിന്റെ റിപ്പോര്‍ട്ട്. ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് ടീം ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഇതിന് പിന്നാലെ നായകന് രോഹിത് ശര്‍മ്മയെയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും പരിശീലന് രാഹുല്‍ ദ്രാവിഡിനേയും ബിസിസിഐ വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന പരമ്പരയോടെയാണ് മാറ്റം ടീമില്‍ വരികയെന്ന് ഇന്‍സൈഡ് സ്പോര്‍ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലങ്കയ്ക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20കളുമാണ് ടീം ഇന്ത്യക്ക് വരാനിരിക്കുന്നത്. രോഹിത് ശര്‍മ്മ ഏകദിന ക്യാപ്റ്റനായി തുടരുമെന്നും ഹാര്‍ദിക് പാണ്ഡ്യ ടി20 ക്യാപ്റ്റനായി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
‘ഏകദിനത്തിനും ടി20ക്കും വ്യത്യസ്ത ക്യാപ്റ്റന്മാരെ ആലോചിക്കുന്നുണ്ട്. ഒരു താരത്തിന്മേലുള്ള ഭാരം കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. ടി20യില്‍ പുതിയ സമീപനം വേണം എന്നതിനൊപ്പം അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി സ്ഥിരത കൈവരിക്കുകയും വേണം. ജനുവരിയില്‍ പുതിയ രീതി പ്രാബല്യത്തില്‍ വരും. ഒരാളുടെ ക്യാപ്റ്റന്‍സി നഷ്ടമാകുന്ന വിഷയമല്ലിത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ കരുതിയും രോഹിത് ശര്‍മ്മയുടെ ഭാരം കുറയ്ക്കുന്നതിനുമാണ്. ടി20 സ്ക്വാഡിനായി പുത്തന്‍ ശ്രമങ്ങള്‍ അനിവാര്യമാണ്. കൂടിയാലോചനകള്‍ക്ക് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ ഭാഗം കേട്ട ശേഷമേ തീരുമാനിക്കൂ’ ബിസിസിഐ ഉന്നതന് ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു