ശനിയും ഞായറും ക്രിക്കറ്റ് കളിക്കാനുള്ള
സമ്മത കരാറില്‍ ഒപ്പുവെച്ചുകൊണ്ടൊരു കല്യാണം.

1 min read

വിവാഹ ദിനത്തില്‍ വധുവും വരനും തമ്മില്‍ ഒപ്പിടുന്ന വിവാഹ കരാറില്‍ അധികം പരീക്ഷണങ്ങള്‍ക്കൊന്നും ആരും മുതിരാറില്ല. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള യുവാവ് തന്റെ വിവാഹ ദിവസം തയാറാക്കിയ വിവാഹ കരാറിലെ വ്യവസ്ഥ കണ്ട് വധു ആദ്യമൊന്ന് ഞെട്ടി. ഞെട്ടല്‍ പിന്നീട് പൊട്ടിച്ചിരിയായി മാറി. ശനിയും ഞായറും തന്നെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണമെന്നായിരുന്നു വിവാഹ കരാറില്‍ വരന്റെ ഒരേയൊരു നിബന്ധന.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള സ്വകാര്യ കോളജില്‍ പ്രഫസറായ ഹരിപ്രസാദ് ആണ് വിവാഹ കരാറിലെ വ്യത്യസ്തമായ നിബന്ധന കൊണ്ട് വധു പൂജയെ ഞെട്ടിച്ചത്. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിലെ താലികെട്ടല്‍ ചടങ്ങിന് തൊട്ടു മുമ്പ് ഹരിപ്രസാദിന്റെ സുഹൃത്തുക്കള്‍ 20 രൂപയുടെ മുദ്രപത്രവുമായി വധുവിന്റെ അടുത്തെത്തി. അതില്‍ ഒരേയൊരു നിബന്ധനയെ ഉണ്ടായിരുന്നുള്ളു. ശനിയും ഞായറും ഹരിപ്രസാദിനെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണം.

മുദ്രപത്രവും കരാറുമെല്ലാം കണ്ട പൂജ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അത് പൊട്ടിച്ചിരിയിലേക്ക് വഴിമാറി. ഞാന്‍, പൂജ, ഈ കരാറിലൂടെ സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന്റെ താരമായ ഹരിപ്രസാദിനെ ശനിയും ഞായറും ടീമിനുവേണ്ടി ക്രിക്കറ്റ് കളിക്കാന്‍ അനുവദിച്ചിരിക്കുന്നു എന്ന് പൂജ ഉറക്കെ വായിച്ച് മുദ്രപത്രത്തില്‍ ഒപ്പിട്ടതോടെയാണ് കൂട്ടുകാര്‍ക്കും ശ്വാസം നേരെ വീണത്.

കടുത്ത ക്രിക്കറ്റ് ആരാധകനായ ഹരിപ്രസാദ് സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്. സുഹൃത്തുക്കളാണ് വിവാഹ ദിവസം വധുവിനെക്കൊണ്ട് ഇത്തരമൊരു കരാറില്‍ ഒപ്പിടീക്കാമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്. ഇതിനോട് പൂജയും യോജിക്കുകയായിരുന്നു. ഇതോടെ മുദ്രപത്രവുമായി എത്തി കരാറിലൊപ്പിട്ട് അതിന്റെ ചിത്രവുമെടുത്ത് ജീവിതത്തിലെ പുതിയ ഇന്നിംഗ്‌സിലേക്ക് ഹരിപ്രസാദും പൂജയും കാലടുത്തുവെച്ചു.

Related posts:

Leave a Reply

Your email address will not be published.