സിനിമ-സീരിയല്‍ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

1 min read

കൊച്ചി: പ്രമുഖ സിനിമാ-സീരിയല്‍ താരം കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖബാധിതനായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാര്യവട്ടം ശശികുമാറിന്റെ മരണം. അറിയപ്പെടുന്ന പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്നു കാര്യവട്ടം ശശികുമാര്‍. മലയാളത്തില്‍ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ദേവാസുരത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

1989ലാണ് കാര്യവട്ടം ശശികുമാര്‍ ആദ്യമായി സിനിമയില്‍ എത്തുന്നത്. കെസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ക്രൈംബ്രാഞ്ച് ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം തുടര്‍ന്ന് 1991 വരെ കെഎസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അഞ്ചോളം ചിത്രങ്ങളില്‍ ശശികുമാർ വേഷമിട്ടു.

ക്രൂരന്‍, ചുവപ്പുനാട, ജഡ്ജ്‌മെന്റ്, അപ്‌സരസ്സ്, നാഗം എന്നിവയാണ് ചിത്രങ്ങള്‍. 1991ല്‍ തുളസീദാസ് സംവിധാനം ചെയ്ത മിമിക്‌സ് പരേഡിലൂടെയാണ് മറ്റൊരു സംവിധായകന്റെ ചിത്രത്തിലേക്ക് കാര്യവട്ടം ശശികുമാര്‍ എത്തുന്നത്. അഭയം, പോസ്റ്റ് ബോക്‌സ് നമ്പര്‍ 27, മാന്ത്രികച്ചെപ്പ്, രഥചക്രം, കുഞ്ഞിക്കുരുവി, ചെങ്കോല്‍, കമ്പോളം, വാര്‍ദ്ധക്യപുരാണം, കാട്ടിലെ തടി തേവരുടെ ആന, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി എന്നിവയാണ് കാര്യവട്ടം ശശികുമാര്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാര്യവട്ടം ശശി കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.