കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് എ സി മൊയ്തീൻ ഇന്നും ഹാജരായില്ല

1 min read

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് എ സി മൊയ്തീൻ ഇന്നും ഹാജരായില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ലെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് ഹാജരാവാത്തത്. എന്നാൽ ഇ ഡി ആവശ്യപ്പെട്ട രേഖകൾ ശേഖരിക്കാൻ സമയം വേണമെന്നാണ് ഔദ്യോഗിക വിശദീകരണം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇ ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ഇത് രണ്ടാം തവണയാണ് എസി മൊയ്തീൻ അസൗകര്യം അറിയിക്കുന്നത്. ബിനാമികളെന്ന് കരുതുന്നവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പിന്നാലെ മൊയ്‌ദീനോട്‌ 31ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയെങ്കിലും ഇ ഡി ആവശ്യപ്പെട്ട രേഖകൾ ശേഖരിക്കാൻ കഴിയാത്തതിനാൽ അസൗകര്യം അറിയിച്ചു. തുടർന്ന് ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ച് ഇ ഡി മറുപടി നൽകി. പൊതു അവധി ദിനങ്ങൾ ആയതിനാൽ ഇ ഡി ആവശ്യപ്പെട്ട ആദായ നികുതി രേഖകൾ ശേഖരിക്കാൻ ആയില്ലെന്ന് ചൂണ്ടിക്കാട്ടി ഇത്തവണയും അസൗകര്യം അറിയിക്കുകയായിരുന്നു. എന്നാൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തലേദിവസം ചോദ്യം ചെയ്യലിന് ഹാജരായാൽ തിരിച്ചടിയാകും എന്ന വിലയിരുത്തൽ സിപിഐഎം നേതൃത്വത്തിനുണ്ട്. ഇതു മുൻനിർത്തി എസി മൊയ്തീനോട് ഹാജരാക്കുന്നതിൽ അസൗകര്യം അറിയിക്കാൻ പാർട്ടി നിർദ്ദേശം നൽകുകയായിരുന്നു. അതെ സമയം ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ എ സി മൊയ്ദീൻ നിയമസഭാ കമ്മിറ്റിയിൽ പങ്കെടുത്തു. പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗത്തിലാണ് മൊയ്തീൻ പങ്കെടുത്തത്.

Related posts:

Leave a Reply

Your email address will not be published.