ആറാം തമ്പുരാനും കണിമംഗലം ജഗന്നാഥനും

1 min read

സിനിമയുടെ പിന്നാമ്പുറ കഥകൾ : ആറാം തമ്പുരാൻ

ആ സ്ത്രീത്വം വിളങ്ങുന്ന മുഖം… അഴിഞ്ഞുവീണ കേശഭാരം… വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവികഭാവം… എന്നൊക്കെ പയണമെങ്കിലേ അത് കണ്ണുപൊട്ടനായിരിക്കണം…. മോഹൻലാലിന്റെ ആരാധകർ ഒരിക്കലും മറക്കാത്ത ഡയലോഗ്. ആറാം തമ്പുരാനിലെ ജഗന്നാഥൻ. ശംഭോ മഹാദേവ…..
കണിമംഗലം ജഗന്നാഥനായി മോഹൻലാലും ഉണ്ണിമായയായി മഞ്ജുവാര്യരും തകർത്തഭിനയിച്ച ചിത്രം.. 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ.. രഞ്ജിത്തിന്റെ തിരക്കഥ. ഷാജി കൈലാസിന്റെ സംവിധാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതമൊരുക്കിയത് രവീന്ദ്രൻ മാഷ്.

മോഹൻലാൽ-ഷാജി കൈലാസ് ടീമിന്റെ എാറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു ആറാം തമ്പുരാൻ.  മോഹൻലാലിന്റെ മാത്രമല്ല, ഷാജി കൈലാസിന്റെയും കരിയർ ബെസ്റ്റ്.  കണിമംഗലം ജഗന്നാഥൻ എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിഞ്ഞു.  250 ദിവസത്തിലധികം ചിത്രം തിയേറ്ററുകളിലോടി. 1997ലെ മാത്രമല്ല, അതുവരെയുള്ള എാറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രമായി അത് മാറി.  പ്രേക്ഷകർ ആവേശത്തോടെ എാറ്റെടുത്ത ചിത്രം. ടിവിയി വരുമ്പോൾ വലിയ സ്വികരണമാണ് ഇന്നും ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ശംഭോ മഹാദേവ എന്ന മോഹൻലാലിന്റെ  ഡയലോഗും ഹിറ്റായി മാറി.

മോഹൻലാലിനോടൊപ്പമുള്ള ഷാജികൈലാസിന്റെ ആദ്യചിത്രമായിരുന്നു ആറാം തമ്പുരാൻ. തനിക്ക് ഒരുപാട് ഭാഗ്യം കൊണ്ടുവന്ന ചിത്രമായിരുന്നു ആറാം തമ്പുരാൻ എന്ന് ഷാജി കൈലാസ് പറയുന്നു. കണിമംഗലം ജഗന്നാഥൻ എന്ന ചങ്കുറപ്പുള്ള നായകനെ ഒരിക്കലും മറക്കില്ല മലയാളി. തന്റെ അച്ഛനെ കള്ളനാക്കി ആത്മഹത്യയിലേക്ക് നയിച്ച നാട്ടിലേക്ക് വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്ന ബോംബെയിലെ ഒന്നാംകിട ഗുണ്ടയാണയാൾ. തനിക്കു കൂടി അവകാശപ്പെട്ട മന, കൂട്ടുകാരന്റെ പേരിൽ വിലയ്ക്കു വാങ്ങി ആ നാട്ടിലെ മുടങ്ങിക്കിടന്ന ഉത്സവം നടത്താനുള്ള തീരുമാനത്തിടെ അയാൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം വികസിക്കുന്നത്.

ഉണ്ണിമായ എന്ന കഥാപാത്രത്തെ പ്രേക്ഷക പ്രീതി നേടുംവിധം മനോഹരമാക്കിയ മഞ്ജു, മോഹൻലാലിനോളം ആറാം തമ്പുരാനിൽ നിറഞ്ഞുനിന്നു. ഒരു മോഹൻലാൽ സിനിമയായി മാത്രം മാറാതെ ചിത്രത്തെ പിടിച്ചു നിർത്തിയത് മഞ്ജുവിന്റെ പകർന്നാട്ടമായിരുന്നു. കൊളപ്പുള്ളി അപ്പൻ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച നരേന്ദ്രപ്രസാദാണ് ആറാം തമ്പുരാനിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മറ്റൊരു താരം. മോഹൻലാലിനും മഞ്ജുവാര്യർക്കും പുറമേ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു ആറാം തമ്പുരാനിൽ. കൊച്ചിൻ ഹനീഫ, പ്രിയാരാമൻ, സായ്കുമാർ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ശങ്കരാടി, അഗസ്റ്റിൻ, ശ്രീവിദ്യ, കെബി ഗണേഷ്‌കുമാർ, കുഞ്ചൻ, കുതിരവട്ടം പപ്പു, ടിപി മാധവൻ, മണിയൻപിള്ള രാജു, ഭീമൻ രഘു, ഇന്നസെന്റ്, കുണ്ടറ ജോണി, കലാഭവൻ മണി, വി.കെ.ശ്രീരാമൻ, ജഗന്നാഥവർമ്മ തുടങ്ങിയ താരങ്ങൾ ഗംഭീര പ്രകടനം കൊണ്ട് അവിസ്മരണീയമാക്കി ആറാം തമ്പുരാനെ.

ആറാം തമ്പുരാന്റെ വമ്പൻ വിജയത്തിനു കാരണം രഞ്ജിത്തിന്റെ വാശിയായിരുന്നു. 1993ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം സൂപ്പർഹിറ്റായിരുന്നു. തുടർന്ന് വ്യത്യസ്തമായ ഒരു പ്രമേയം പരീക്ഷിക്കാൻ രഞ്ജിത്ത് തീരുമാനിച്ചു. അങ്ങനെയാണ് സിബി മലയിലിന്റെ സംവിധാനത്തിൽ മായാമയൂരം ഒരുക്കുന്നത്. പക്ഷേ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് കുറേ വർഷങ്ങൾ കഴിഞ്ഞാണ് രഞ്ജിത്ത് മറ്റൊരു മോഹൻലാൽ ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നത്. ഷാജി കൈലാസിനെ സംവിധായകനാക്കാൻ തീരുമാനിച്ചു. മായാമയൂരത്തിന്റെ ദുരന്തം മനസ്സിലുണ്ടായിരുന്ന രഞ്ജിത്ത് അതിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം ചെയ്യാനാണ് ആലോചിച്ചത്. ഷാജി കൈലാസിനാകട്ടെ തിയേററ്ററുകളെ ഇളക്കി മറിക്കുന്ന ഒരു സിനിമയായിരുന്നു ആവശ്യം. അങ്ങനെയാണ് 1997ൽ ആറാം തമ്പുരാന്റെ പിറവി.

ആറാം തമ്പുരാന്റെ കഥ രൂപപ്പെട്ടതിനെക്കുറിച്ചും ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയതിനെക്കുറിച്ചും സംവിധായകൻ ഷാജി കൈലാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് ആേലാചിക്കുമ്പോൾ മോഹൻലാൽ എന്ന നായകൻ മനസ്സിലുണ്ടായിരുന്നില്ല. രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന നിലയിലാണ് ഷാജി കൈലാസും രഞ്ജിത്തും  ആലോചന തുടങ്ങുന്നത്. ഇതിലെ നായകൻമാരായി മനസ്സിൽ കണ്ടിരുന്നത് ബിജു മേനോനെയും മനോജ്. കെ ജയനെയുമായിരുന്നു. മദ്രാസിലെ ഗസ്റ്റ് ഹൗസിൽ കഥയുമായി കഴിയുമ്പോൾ ഒരു ദിവസം മണിയൻപിള്ള രാജു വന്നു. കഥ രാജുവിനോട് പറഞ്ഞു. കഥ ഇഷ്ടപ്പെട്ട് ാജു തിരിച്ചുപോയി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ സേലത്തു നിന്ന് സുരേഷ്‌കുമാറിന്റെ വിളി. രാജുവിൽ നിന്ന് കഥ കേട്ട് താത്പര്യമറിയിച്ച് വിളിക്കുകയാണ്. മോഹൻലാലിനു പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും അറിയിച്ചു. സുരേഷ്‌കുമാർ മദ്രാസിലേക്ക് വരുന്നു. രേവതി കലാമന്ദിർ സിനിമ എാറ്റെടുക്കുന്നു. മോഹൻലാലിനു പറ്റിയ രീതിയിൽ കഥയിൽ മാറ്റങ്ങൾ കൊണ്ടു വന്നു. കോഴിക്കോട് വെച്ചാണ് മോഹൻലാൽ കഥ കേട്ടത്.

ചെറുതുരുത്തിയിലെ മിത്രനന്ദപുരം ക്ഷേത്രമായിരുന്നു ആറാം തമ്പുരാന്റെ ലൊക്കേഷനുകളിൽ ഒന്ന്. 4000 കൊല്ലം പഴക്കമുള്ള ക്ഷേത്രം. ഭൂസ്വത്തുക്കളെല്ലാം അന്യാധീനപ്പെട്ടു. ക്ഷേത്രം തന്നെ ക്ഷയിച്ചുപോയി. ഇതിനിടയിൽ നാട്ടുകാർ ഇടപെട്ട് ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് ശ്രമം തുടങ്ങി. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആ സമയത്താണ് ആറാം തമ്പാരാൻ ടീം ലൊക്കേഷൻ തേടി അവിടെയെത്തുന്നത്. ചടങ്ങുകൾ മുടങ്ങി ക്ഷയിച്ചു കിടക്കുന്ന ഒരു ക്ഷേത്രമാണ് അവർക്കാവശ്യം. മോഹൻലാലിന്റെ ജഗന്നാഥൻ, പിതാവ് തലതല്ലി മരിച്ച ബലിക്കല്ലിൽ തൊടുന്നതും വാതിൽ തള്ളിത്തുറക്കുമ്പോൾ മഞ്ജുവാര്യരുടെ ഉണ്ണിമായയെ കാണുന്നതുമായ ദൃശ്യം ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് ഷാജി കൈലാസ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനുകൾ ചിത്രികരിച്ചത് ക്ഷേത്രത്തിനു സമീപത്തെ ഭാരതപ്പുഴയിലെ മണൽപ്പരപ്പിലായിരുന്നു. 1997ൽ സിനിമ പുറത്തിറങ്ങി. സിനിമയ്ക്കുവേണ്ടി ക്ഷേത്രം ചെറിയ തോതിൽ മോടിപിടിപ്പിച്ചിരുന്നു. കാടൊക്കെ വൃത്തിയാക്കി. 2000ൽ ക്ഷേത്രത്തിൽ നിത്യപൂജ ആരംഭിച്ചു. ക്ഷേത്രക്കമ്മിറ്റി അംഗങ്ങൾ അഹോരാത്രം പ്രയത്‌നിച്ചു. അടിക്കടി തടസ്സങ്ങൾ. സിനിമയിൽ കാണുന്നതുപോലെ തന്നെ. സാമ്പത്തികം വലിയൊരു വെല്ലുവിളിയായിരുന്നു. ചടങ്ങുകൾ മുടങ്ങുമോ എന്ന നിലവരെയെത്തി കാര്യങ്ങൾ. ഒടുവിൽ എല്ലാം സിനിമാക്കഥ പോലെ ശുഭം. കുളപ്പുള്ളി അപ്പൻ എന്ന കഥാപാത്രമാണ് നരേന്ദ്രപ്രസാദ് അവതരിപ്പിച്ചത്. ഇതിലെ കുളപ്പുള്ളി എന്ന സ്ഥലവും ഇവിടെനിന്ന് 6 കിലോമീറ്റർ അപ്പുറമാണ്. സിനിമാവിശേഷം കേട്ടറിഞ്ഞ് പലരും ഇപ്പോഴും ഇവിടം കാണാൻ എത്താറുണ്ട്.

ആറാം തമ്പുരാന്റെ ചിത്രീകരണത്തിനിടയിൽ ചില പ്രശ്‌നങ്ങളും ഉണ്ടായി. ഷൂട്ടിങ്ങിന്റെ മൂന്നാം ദിവസം. വരിക്കാശ്ശേരി മനയിലാണ് ചിത്രീകരണം. സാധനങ്ങളെല്ലാമെടുത്ത് സ്ഥലം കാലിയാക്കാൻ പറഞ്ഞ് ജഗന്നാഥൻ ഉണ്ണിമായയെ വിരട്ടുന്ന രംഗം. ഒരു ഫുൾ ലെങ്ത് ഡയലോഗ്. മഞ്ജുവാര്യർ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ശങ്കരാടി, കുതിരവട്ടം പപ്പു, കുഞ്ചൻ അങ്ങനെ എല്ലാവരുമുണ്ട്. മോഹൻലാൽ ഡയലോഗ് പറയുകയാണ്. എട്ടോളം ടേക്കുകൾ എടുത്തു. ശരയാകുന്നില്ല. ട്രാക്ക് തെറ്റുക, ക്യാമറ ഫോക്കസ് ആകാതെയിരിക്കുക, ക്യാമറ ഷെയ്ക്കാകുക ഇങ്ങനെ പലവിധ പ്രശ്‌നങ്ങൾ. കുഴപ്പം ലാലിന്റേതല്ല. ഇനി പെർഫെക്ടായിട്ട് റിഹേഴ്‌സൽ എടുത്താൽ മതിയെന്ന് ഷാജി കൈലാസ് തീരുമാനിച്ചു. മോഹൻലാൽ ഷാജി കൈലാസിനെ വിളിച്ച് പറഞ്ഞു: ഷാജി സാർ, ഈ ടേക്കിലും ഇത് നന്നായി വന്നില്ലെങ്കിൽ സർ ഒരു കാര്യം ചെയ്യണം. ഒന്നെങ്കിൽ എന്നെ മാറ്റണം. അല്ലെങ്കിൽ ക്യാമറാമാനെ മാറ്റണം. രണ്ടുപേരെയും മാറ്റില്ലെന്ന് ഷാജി കൈലാസ്…. ഒടുവിൽ ഷോട്ട് എടുത്തു. അത് ഓക്കെ ആയി.

സിനിമയിലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു ഹരിമുരളീവരം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ. രവീന്ദ്രൻ മാഷിന്റെ സംഗീതം. പാടിയത് യേശുദാസും. ദാസേട്ടന്റെ ആലാപനവും മോഹൻലാലിന്റെ അഭിനയവും പാട്ടിനെ ശ്രദ്ധേയമാക്കി. എന്നാൽ ഈ ഗാനരംഗം ഷൂട്ട് ചെയ്തത് ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് ആയിരുന്നില്ല. മറ്റൊരു സംവിധായകനായിരുന്നില്ല. ഗാനരംഗം ചിത്രീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ആ സമയത്ത് ഭാര്യ ആനിയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോവേണ്ടി വന്നു ഷാജി കൈലാസിന്. അപ്പോഴാണ് അപ്രതീക്ഷിതമായി പ്രിയദർശൻ ആറാം തമ്പുരാന്റെ സെറ്റിൽ എത്തുന്നത്. മോഹൻലാലിനെ കാണാൻ. വിവരമറിഞ്ഞ പ്രിയദർശൻ സോങ് ഒക്കെ ഞാനെടുത്തോളാം, നീ ധൈര്യമായി പോയിട്ടു വരൂ എന്ന് ഷാജി കൈലാസിനോട് പറഞ്ഞു. ആശ്വാസത്തോടെ അദ്ദേഹം അടുത്ത് ഫ്‌ളൈറ്റിനു തന്നെ നാട്ടിലേക്ക് തിരിച്ചു. അങ്ങനെ പ്രിയദർശൻ ചിത്രീകരിച്ച ഗാനരംഗമാണ് ഹരിമുരളീരവം. അന്നു തന്നെ ഷാജി കൈലാസിന് ഒരു ആൺകുഞ്ഞ് പിറന്നു. അദ്ദേഹം മകനിട്ട പേര് ജഗന്നാഥൻ എന്നായിരുന്നു. ആറാം തമ്പുരാനിലെ നായകന്റെ പേര്.

Related posts:

Leave a Reply

Your email address will not be published.