ഒരു കളര്‍ഫുള്‍ പേളിഷ് ജീവിതം

1 min read

പേളിയുടെ കളര്‍ഫുള്‍ ജീവിതമെങ്ങനെ എന്നറിയാം

ഏറെ ആരാധകരുള്ള, പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയും നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമാണ് പേളി മാണി. മകളുടെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമൊക്കെ പോസ്റ്റുകളിലൂടെ നിരന്തരം പേളി പങ്കുവെക്കാറുണ്ട്. ടേസ്റ്റ് ഓഫ് കേരള, ഡി ഫോര്‍ ഡാന്‍സ്, നായിക നായകന്‍ എന്നീ ഷോകളിലൂടെയാണ് പേളി മാണിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. അങ്ങനെ മലയാളിക്ക് സുപരിചിതമായ മുഖമായി മാറി പേളിയുടേത്. ഡി ഫോര്‍ ഡാന്‍സ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ ആങ്കറായി വന്ന ശേഷമാണ് പേളിയുടെ കഴിവ് തിരിച്ചറിയപ്പെടുന്നത്.

പിന്നീട് ബിഗ് ബോസ് മലയാളത്തിന്റെ സീസണ്‍ ഒന്നില്‍ മത്സരാര്‍ഥിയായി താരമെത്തിയപ്പോള്‍ പ്രേക്ഷകര്‍ കണ്ടതിശയിച്ചു. എപ്പോഴും തുള്ളിച്ചാടി ഷോയും ചെയ്ത് ആക്ടീവായി നടക്കുന്ന പേളി എങ്ങനെ നൂറ് ദിവസം ആ ഹൗസിനുള്ളില്‍ അടച്ച് പൂട്ടി കഴിയുമെന്നാണ് എല്ലാവരും ചിന്തിച്ചിരുന്നത്. മാത്രമല്ല പേളിക്ക് ഹൗസില്‍ വെച്ചൊരു പ്രണയമുണ്ടാകുമെന്ന് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നൂറ് ദിവസം ബിഗ് ബോസില്‍ നിന്ന് രണ്ടാം സ്ഥാനം നേടിയാണ് പുറത്തേക്ക് വന്നത്. ഒപ്പം ജീവിതകാലം മുഴുവന്‍ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും പങ്കിടാനും സ്‌നേഹിക്കാനുമായി ഒരാളേയും ഹൗസില്‍ വെച്ച് കണ്ടത്തി. പേളിശ്രീനിഷ് പ്രണയം ബിഗ് ബോസ് ജീവിതം കഴിയുമ്പോള്‍ ഇല്ലാതാകുമെന്ന് എല്ലാവരും കരുതിയിരുന്നു. പലരും ഹൗസില്‍ നൂറ് ദിവസം പിടിച്ച് നില്‍ക്കാന്‍ വേണ്ടി പ്രണയ സ്ട്രാറ്റജി ഇറക്കാറുണ്ടെങ്കിലും ഒന്നും വിജയിക്കാറില്ല. പക്ഷെ ഇരുവരുടേയും പ്രണയം കൂടുതല്‍ ശക്തമാകുകയായിരുന്നു. പേളി മാണിയും ശ്രീനീഷും ചേര്‍ന്ന് പേളിഷ് എന്ന വിശേഷണം ഇരുവര്‍ക്കും ആരാധകര്‍ നല്‍കി. 2019ല്‍ മെയ് 5ന് ക്രിസ്റ്റ്യന്‍ ആചാരപ്രകാരവും മേയ് 8ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാര്‍ച്ചിലാണ് പേളിയ്ക്കും ശ്രീനിഷിനും മകള്‍ നില ജനിച്ചത്. ഹൗസില്‍ വെച്ച് തന്നെ മകള്‍ക്കായി നിലയെന്ന പേര് ഇരുവരും ചേര്‍ന്ന് കണ്ടുപിടിച്ചിരുന്നു. പേളിയുടെ ഡെലിവറി വീഡിയോയും അക്കാലത്ത് വൈറലായിരുന്നു.

 തന്റെ ലോകത്ത് പ്രകാശം നിറയ്ക്കുന്നൊരാള്‍ പേളിയാണെന്നാണ് ശ്രീനിഷ് പറയാറുള്ളത്. പേളിയുടെ പിറന്നാള്‍ ദിനത്തില്‍ ശ്രീനീഷ് എഴുതിയ ഒരു കുറിപ്പും വൈറലായിരുന്നു. ‘ഓരോ നിമിഷത്തിലും സന്തോഷവും സ്‌നേഹവും നല്‍കുന്ന എന്റെ സുന്ദരിയായ ഭാര്യക്ക്… അവളുടെ പുഞ്ചിരി എന്റെ ലോകത്തെ പ്രകാശിപ്പിക്കുകയും എന്റെ ഹൃദയത്തില്‍ അനന്തമായ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു.’ എന്നായിരുന്നു ആ കുറിപ്പ്.

 2021ലാണ് നില എന്ന ആദ്യത്തെ പെണ്‍കുഞ്ഞ് പേളിക്കും ശ്രീനിഷിനും പിറന്നത്. ഇപ്പോള്‍ നിലയും ഒരു കുട്ടി താരമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം ഒരു കൊച്ചു സെലിബ്രിറ്റിയായി മാറി കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രിമാരുടെ ലിസ്റ്റെടുത്താല്‍ ഒന്നാമതുണ്ടാകും നില ബേബി. അടുത്തിടെയാണ് പേളി രണ്ടാമതും അമ്മയായത്. വീണ്ടും ഒരു പെണ്‍കുഞ്ഞാണ് പേളിക്ക് പിറന്നത്. തന്റെ സഹോദരിക്ക് മുത്തം നല്‍കി ഓമനിക്കുന്ന നിലയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പേളി മാണി പങ്കുവെച്ചിരുന്നു. അനിയത്തി പിറന്നശേഷമുള്ള നിലയുടെ മാറ്റങ്ങളെ കുറിച്ച് പേളി പങ്കിട്ട കുറിപ്പ് ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.

താന്‍ മൂത്ത മകള്‍ നിലയ്ക്ക് കൂടുതല്‍ കെയര്‍ കൊടുക്കാന്‍ രണ്ടാമത്തെ വരവിനുശേഷം ശ്രമിച്ചുവെന്നും എന്നാല്‍ തന്നെ മനസിലാക്കി മകള്‍ പെരുമാറുകയാണെന്നുമാണ് പേളി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.  പേളി മകളെ കുറിച്ച് പറയുന്നതിങ്ങനെ….’നില ഒരു ചേച്ചിയായത് മുതല്‍ വളരെ സ്‌പെഷ്യലാണ് എന്ന തോന്നല്‍ അവളില്‍ ഉണ്ടാക്കാനും, അവള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനും അവളുടെ അനുജത്തിയുമായി ബന്ധം സ്ഥാപിക്കാന്‍ നിലയ്ക്ക് സമയം കണ്ടെത്തി കൊടുക്കാനും ഞാന്‍ ശ്രമിച്ചു.’ പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നില എന്നെ വളരെയധികം പിന്തുണയ്ക്കുന്നു. അതുപോലെ അവള്‍ക്ക് ഞാന്‍ സുഖം പ്രാപിച്ച് വരികയാണെന്ന് അറിയാം. ഞാന്‍ വീണ്ടും ഒരു നല്ല അമ്മയാകാന്‍ ശ്രമിക്കുകയാണെന്ന് അവള്‍ക്കറിയാം. അവള്‍ക്കായി ഒന്നും ചെയ്യാന്‍ നില എന്നോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.’ ‘കുഞ്ഞിനെ അവളുടെ കൈകളില്‍ പിടിക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നു… മേല്‍നോട്ടത്തോടെ… അവള്‍ സ്‌നേഹിക്കുന്നു. അവളുടെ അനുജത്തിയെ ചുംബനങ്ങള്‍ കൊണ്ട് കുളിപ്പിക്കാനും അവളുടെ കളിപ്പാട്ടങ്ങള്‍ നല്‍കി കളിപ്പിക്കുന്നതില്‍ അവള്‍ സന്തോഷം കണ്ടെത്തുന്നു. അമ്മൂമ്മയ്‌ക്കൊപ്പം കൂടുതല്‍ സമയം നില ചിലവഴിക്കുന്നു… അവള്‍ ശ്രീനിയുടെ കൂടെ ഉറങ്ങുന്നു.’
‘ശുഭരാത്രി നേര്‍ന്ന് സന്തോഷത്തോടെ അടുത്ത മുറിയിലേക്ക് അവള്‍ പോകുന്നു. പക്ഷെ ഒരു അമ്മയെന്ന നിലയില്‍ എന്റെ ഹൃദയത്തില്‍ ഒരു ഭാരം അനുഭവപ്പെടുന്നു. അവള്‍ തന്റെ വികാരങ്ങള്‍ മറച്ചുവെക്കുകയാണോ എന്ന തോന്നലാണ് എനിക്കുള്ളത്. അവള്‍ക്ക് എന്നില്‍ നിന്ന് അവളുടെ അവിഭാജ്യമായ ശ്രദ്ധ നഷ്ടപ്പെടുമോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. മാതൃത്വത്തിന് ഒരുപാട് ഘട്ടങ്ങളുണ്ട്. തീര്‍ച്ചയായും ഇത് ഏറ്റവും തന്ത്രപ്രധാനമായ ഒന്നാണ്. എന്റെ ചെറിയ ഫയര്‍ഫ്‌ലൈ എന്നെക്കാള്‍ ശക്തനാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. നില ഇങ്ങനെയായതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്’, എന്നാണ് പേളി കുറിച്ചത്. നിലയ്‌ക്കൊപ്പമുള്ള ഒരു വീഡിയോയും പേളി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

പേളി ഗര്‍ഭിണിയായപ്പോള്‍ ആ തിരിച്ചറിവ് മകളില്‍ താന്‍ കണ്ട് തുടങ്ങിയെന്ന് നേരത്തെയും പേളി പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ തനിക്കൊപ്പം കിടന്നപ്പോള്‍ നില ചവിട്ടിയെന്നും അക്കാര്യം മനസിലാക്കി അവള്‍ അടുത്ത ദിവസം മുതല്‍ അച്ഛനായ ശ്രീനിക്കൊപ്പം കിടക്കാന്‍ തുടങ്ങിയെന്നും പേളി പറഞ്ഞിരുന്നു. പേളിയുടെ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയാണ് നില. അതുകൊണ്ട് തന്നെ നില കുടുംബാംഗങ്ങള്‍ക്കെല്ലാം വളരെ സ്‌പെഷ്യലാണ്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിന്റെ പേര് വിവരങ്ങളൊന്നും പേളി ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ആദ്യത്തെ പ്രസവത്തിന്റെ ആശുപത്രി വീഡിയോ അടക്കം താരം പങ്കിട്ടിരുന്നു. പക്ഷെ ഇപ്രാവശ്യം അതും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ കുഞ്ഞിന് പേളിയും ശ്രീനിഷും എന്ത് പേരായിരിക്കും നല്‍കുക എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

Related posts:

Leave a Reply

Your email address will not be published.