പി.ജയരാജനെതിരെ കേസെടുക്കണം: ഖാദി ബോര്‍ഡില്‍ നിന്നും നീക്കണം: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് മുമ്പും പലരെയും മോര്‍ച്ചറിയിലേക്ക് അയച്ച നേതാവാണ് പി.ജയരാജന്‍. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ജയരാജന്‍ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയില്‍ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കുന്നവരല്ല യുവമോര്‍ച്ചക്കാരെന്ന് സിപിഎം മനസിലാക്കണം. ജയകൃഷ്ണന്‍ മാസ്റ്റര്‍ അടക്കം നൂറുകണക്കിന് പ്രവര്‍ത്തകരെ നിങ്ങള്‍ മോര്‍ച്ചറിയിലേക്ക് അയച്ചിട്ടും ഞങ്ങള്‍ ഭയന്നിട്ടില്ല. കൊലക്കത്തി താഴെവെക്കാന്‍ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജന്‍ മലയാളികള്‍ക്ക് നല്‍കുന്നത്. ഭരണത്തിന്റെ ഹുങ്കില്‍ അക്രമരാഷ്ട്രീയം അഴിച്ചുവിടാന്‍ ശ്രമിച്ചാല്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കാന്‍ ബിജെപി തയ്യാറാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഗണപതി ഭഗവാനെ അപമാനിച്ച സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പ് പറയണം. ഹിന്ദുക്കളെ അമ്പല നടയില്‍ പച്ചയ്ക്ക് കെട്ടിത്തൂക്കുമെന്ന് മുസ്ലിംലീഗ് വര്‍ഗീയവാദികള്‍ക്ക് മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം കൊടുത്തത് സര്‍ക്കാരാണ്. ഷംസീറിനെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ മുസ്ലിംലീഗുകാര്‍ ഹിന്ദുക്കള്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കില്ലായിരുന്നു. കേരളത്തില്‍ ഹിന്ദുവിരുദ്ധ ശക്തികളെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.