കേസെടുക്കണം മുഖ്യാ അയ്യങ്കാളി ഹാളിനെതിരെയും.

1 min read

മൈക്കിനെതിരെ മാത്രമല്ല പരിപാടി നടത്തിയ ഹാളിനെതിരെയും കേസെടുക്കണം

മുഖ്യമന്ത്രി പിണറായി വിജയൻ അതാ പ്രസംഗിക്കാൻ എഴുന്നേറ്റു . ഉടനെയൊരു പൊട്ടലും ചീറ്റലും മൈക്കിന്. സ്ഥലം തിരുവനന്തപുരം നഗരഹൃദയത്തിലെ അയ്യങ്കാളി ഹാൾ. പരിപാടി കെ. പി.സി. സി.യുടേത്. സംഭവം ഉമ്മൻ ചാണ്ടി അനുസ്മരണവും. മുഖ്യമന്ത്രിക്കു മുമ്പ് കെ.സുധാകരൻ സംസാരിച്ചു. ഒരു കുഴപ്പുമില്ല മൈക്കിന് . മുഖ്യമന്ത്രിക്കു ശേഷവും കുറേപ്പേർ സംസാരിച്ചു. മൈക്കിന് യാതൊരു കുലുക്കവുമില്ല. മുഖ്യമന്ത്രിയെ കണ്ടതോടെ മൈക്കിനൊരു ഹാലിളക്കം. ഇതങ്ങനെ വെറുതെ വിടാമോ? പാടില്ല. കേസെടുത്തു. മൈക്കിനെതിരെ .  

ഇപ്പോഴിതാ എ.കെ. ബാലൻ പറയുന്നു വി.ടി.ബലറാം എഴുന്നേറ്റപ്പോഴാണ് മൈക്കിന്റെ വയറിളകിയതെന്ന്. ബാലന്റേത് ബാലിശമായ പറച്ചിലാണെന്ന് ബാലനല്ലാത്ത ബലറാമും. 

ഇതു മാത്രമോ? മുഖ്യമന്ത്രിയെ മുന്നിലിരുത്തി സുധാകരൻ പറയുന്നു ഉമ്മൻ ചാണ്ടിയെ ആരൊക്കെയോ വേട്ടയാടി എന്ന് . അപ്പറഞ്ഞത് എന്നെയാണ് , എന്നെത്തന്നെയാണ് എന്ന് മനസ്സിലാകാതിരിക്കാൻ മുഖ്യനെന്താ പൊട്ടനാണോ ? മിണ്ടാൻ പറ്റുമോ ? കെ.പി.സി.സി വേദിയല്ലേ ? ബലമായി പിടിച്ചിരുന്നു മുഖ്യൻ. അപ്പോഴതാ ഒരു വിളംബരം. അടുത്തത് മുഖ്യൻ അനുസ്മരിക്കുമെന്ന്. എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞ് എഴുന്നേറ്റു മുഖ്യൻ. കൊറെ ആളുകളും കൂടെ എഴുന്നേറ്റു . ഞാൻ മുഖ്യനല്ലേ , എന്നെ ബഹുമാനിക്കാൻ ആയിരിക്കും. ശുദ്ധഗതിക്കാരനായതു കൊണ്ട് അദ്ദേഹം അങ്ങനെയങ്ങ് ചിന്തിച്ചു. അപ്പോഴതാ ഒരു ഒച്ചേം ബഹളോം. ഉമ്മൻ ചാണ്ടി സിന്ദാബാദ് എന്ന്. ഒന്നും മനസ്സിലായില്ല. ഉമ്മൻ ചാണ്ടി മരിച്ചില്ലേ, ഞാൻ പോയി കണ്ടതല്ലേ എന്ന് ആകെ കൺഫ്യൂഷനിലായി മുഖ്യൻ. എന്തെങ്കിലുമാകട്ടെ ഒന്ന് അനുസ്മരിച്ചു കളയാം. മൈക്കിനടുത്തേക്ക് നീങ്ങിയതേ ഓർമ്മയുള്ളു. മുഖ്യനെ കണ്ടതോടെ മൈക്ക് കലിപ്പിലായി. പൊട്ടലും ചീറ്റലും തുടങ്ങി. അപ്പോഴാണ് മുഖ്യന് മനസ്സിലായത്. ഇത് വെറും വെറുതെയല്ല , നേരത്തെ കേട്ടത് ഉമ്മൻ ചാണ്ടിക്കുള്ള സിന്ദാബാ വിളിയല്ല, എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞതാ.

ഇവരെയൊക്കെ വെറുതെ വിടാമോ? പക്ഷേ, ഉമ്മൻ ചാണ്ടി സിന്ദാബാദ് എന്നു വിളിച്ചാൽ കേസെടുക്കാൻ പറ്റുമോ ? പക്ഷേ, അണികൾ ഇതെങ്ങനെ സഹിക്കും. അവർ കൊടുത്തു ഒരു പരാതി. മൈക്കിനെതിരെ . പരാതി കിട്ടിയതോടെ പൊലീസ് കേസും എടുത്തു. പിണറായിപൊലീസ് അല്ലേ ? കേസെടുക്കണ്ടേ?

മൈക്കിനെതിരെ മാത്രം കേസെടുത്താൽ മതിയോ ? അയ്യങ്കാളി ഹാളിനെതിരെയും കേസെടുക്കേണ്ടേ? ആ ഹാൾ അല്ലേ ഇക്കണ്ട പുകിലു മുഴുവൻ ഉണ്ടാക്കിയത്. ഹാൾ ഉണ്ടായതു കൊണ്ടല്ലേ യോഗമുണ്ടായത്. ആ ഹാളിൽ നിന്നു തന്നെയല്ലേ ഈ പൊട്ടലും ചീറ്റലും ഉണ്ടായത്. അപ്പോൾ പ്രശ്നക്കാരൻ ആ ഹാൾ തന്നെയല്ലേ ? എടുക്കണം മുഖ്യാ കേസ് അയ്യങ്കാളി ഹാളിനെതിരെ . വെറുതെ വിടരുത് അവനെ.

ReplyForward

Related posts:

Leave a Reply

Your email address will not be published.